Top News

കണ്ണൂരിൽ സംസാരശേഷിയില്ലാത്ത 11 വയസുകാരനെ തെരുവുനായ കടിച്ചു കൊന്നു


കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് നായകള്‍ കടിച്ചുകീറിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മുഴപ്പിലങ്ങാട് എടക്കാട് കെട്ടിനകം സ്വദേശി നിഹാലാണ് കൊല്ലപ്പെട്ടത്. ഭിന്നശേഷിയുള്ള കുട്ടിയാണ്. വൈകീട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ആണ്‌ 500 മീറ്ററോളം അകലെയുള്ള ആള്‍താമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത്‌നിന്ന്‌ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]

നായ കടിച്ചുകൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.
രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭിന്നശേഷിയുള്ള കുട്ടിയാണ്. സംസാരശേഷിയടക്കമില്ലാത്ത കുട്ടിയായതിനാല്‍ അപകടം നടന്നത് ആരും അറിഞ്ഞില്ല. കുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറിയതിന്റെ പാടുകളുണ്ടായിരുന്നു. കുട്ടി കളിക്കുകയാണെന്നായിരുന്നു വീട്ടുകാര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞിട്ടും കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്നുനടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

സമീപത്തുതന്നെയുള്ള ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ കൊമ്പൗണ്ടിനകത്ത് മതിലിനോട് ചേര്‍ന്ന് ദേഹമാസകലം രക്തം വാര്‍ന്ന നിലയില്‍ ബോധരഹിതനായിക്കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തി. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. നായകളെ തുരത്താനുള്ള നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടായിരുന്നില്ല.

Post a Comment

Previous Post Next Post