Top News

സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ സി ഐ സിയില്‍ നിന്ന് രാജിവെച്ചു

മലപ്പുറം: കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ് ലാമിക് കോളേജസ്( സി ഐ സി)യില്‍ നിന്ന് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ രാജിവെച്ചു. സി ഐ സി ഫിനാന്‍സ് സമിതി ഡയറക്ടറായാണ് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.[www.malabarflash.com]

സമസ്ത കേരള ജംയ്യത്തുല്‍ ഉലമയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സി ഐ സി നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരും നേരത്തെ രാജിവെച്ചിരുന്നു.

ഇതിന് പിന്നാലെ സമസ്തയുടെ നിരവധി പോഷക സംഘടന ഭാരവാഹികള്‍ സി ഐ സിയില്‍ നിന്ന് രാജിവെച്ചിരുന്നു. പൂക്കോയ തങ്ങള്‍ അല്‍ഐന്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, ഇബ്രാഹീം ഫൈസി പേരാല്‍, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, എസ് മുഹമ്മദ് ദാരിമി വയനാട് എന്നിവരാണ് രാജിവെച്ചത്. 

സമസ്തയുമായി അഭിപ്രായ വ്യത്യാസം രൂപപ്പെട്ടതിനെ തുടര്‍ന്ന് സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നേരത്തെ ഹക്കീം ഫൈസി ആദൃശേരി രാജിവെച്ചിരുന്നു. ആദൃശേരിക്ക് പകരം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ നിയമനം സമസ്തയോട് കൂടിയാലോചിച്ചല്ല നടപ്പിലാക്കിയതെന്ന് സമസ്ത ആരോപിക്കുന്നു. അതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ തര്‍ക്കം. 

സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്ന് സമസ്ത നേതൃത്വത്തിന് പരാതിയുണ്ട്. സിഐസിയുടെ ഉപദേശ സമിതിയില്‍ നിന്നടക്കമാണ് സമസ്ത നേതാക്കള്‍ രാജിവെച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post