Top News

സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കോട്ടയം: സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി അരുൺ വിദ്യാധരനായി ലുക്ക് ഔട്ട് നോട്ടീസ്. പ്രതിക്കായി നാൽപതം​ഗ പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. തമിഴ്നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.[www.malabarflash.com]

കടുത്തുരുത്തി കോതനല്ലൂർ സ്വദേശി ആതിരയാണ് കഴിഞ്ഞ ദിവസം മരിച്ചത്. പ്രതിയായ അരുൺ വിദ്യാധരനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം പ്രതിയുടെ മൊബെൽ ഫോൺ ടവർ ലൊക്കേഷൻ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും വിവരങ്ങളുണ്ട്.

ആതിരയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബന്ധം അവസാനിപ്പിച്ചതിന്റെ പേരി‍ലായിരുന്നു അരുണിന്റെ സൈബറാക്രമണം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിക്കെതിരെ മോശം പരാമർശങ്ങളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതിനെതിരെ ഞായറാഴ്ച ആതിര പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. 

എന്നാൽ പോലീസിൽ പരാതി നൽകിയ ശേഷവും ഇയാൾ സൈബർ ആക്രമണം തുടർന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കൾ പറയുന്നു. 

തിങ്കളാഴ്ച രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറരയോടെ എഴുന്നേറ്റ ആതിര മുറിയിൽനിന്ന് പുറത്തു വന്ന് എല്ലാരുമായി സംസാരിച്ചശേഷം ഒന്നുകൂടെ കിടക്കട്ടെയെന്ന് പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി. പിന്നീട് സഹോദരി നോക്കുമ്പോളാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 

ആതിരയ്ക്ക് മറ്റു വിവാഹാലോചനകൾ വന്നതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും ഇതിനു പിന്നാലെയാണ് ഭീഷണിയും സൈബർ ആക്രമണവും ആരംഭിച്ചതെന്നും ആതിരയുടെ സഹോദരി ഭർത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post