Top News

കൊച്ചിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ഇൻസ്പെക്ടർക്ക് കാസറകോട്ടേക്ക് സ്ഥലംമാറ്റം

കൊച്ചി: ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം. കടവന്ത്ര സ്റ്റേഷൻ ഇൻസ്പെക്ടർ ജിപി മനുരാജിനെയാണ് കാസറകോട്  ചന്തേരിയിലേക്ക് സ്ഥലം മാറ്റിയത്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.[www.malabarflash.com]


ശനിയാഴ്ച്ച രാത്രിയാണ് എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വെച്ച് മനുരാജ് സഞ്ചരിച്ച കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം ബൈക്ക് യാത്രക്കാരനെ തിരിഞ്ഞുപോലും നോക്കാതെ പോക്കുകയായിരുന്നു. ശേഷം കാർ രണ്ടുകിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ ഭാഗത്താണ് നിറുത്തിയത്. 

ശരീരമാസകലം പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചോരയിൽ കുളിച്ച് റോഡിൽ കിട‌ന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ, ബൈക്ക് യാത്രക്കാരൻ മട്ടാഞ്ചേരി സ്വദേശി വിമല്‍ നൽകിയ പരാതിയിൽ പോലീസ് നടപടികള്‍ വൈകുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മനുരാജിനെ കേസില്‍ നിന്ന് ഒഴിവാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

സംഭവം വിവാദമായതോടെ വിമലിന്റെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, എഫ്ഐആറിൽ ഇൻസ്പെക്ടറുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല. ഇത് വിമൽ നൽകിയ മൊഴിയിൽ പ്രതിയുടെ പേര് പറയാത്തതിനാലാണെന്നാണ് പോലീസിന്റെ വിശദീകരണം. 

Post a Comment

Previous Post Next Post