Top News

കര്‍ണാടക സര്‍ക്കാരില്‍ അഴിമതിയെന്ന് കോണ്‍ഗ്രസിന്റെ പത്രപരസ്യം; നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍


ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണംകാണിക്കല്‍ നോട്ടീസ്. കര്‍ണാടക സര്‍ക്കാരിലെ അഴിമതി നിരക്ക് ചൂണ്ടിക്കാണിച്ചുള്ള കോണ്‍ഗ്രസിന്റെ പത്രപരസ്യത്തിനെതിരേ ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഞായറാഴ്ച രാത്രി ഏഴു മണിക്ക് മുന്‍പ് മറുപടി നല്‍കണമെന്നാണ് നിർദേശം.[www.malabarflash.com]


40 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാറാണ് കര്‍ണാടകത്തില്‍ എന്ന് ആരോപിച്ചുകൊണ്ടായിരുന്നു കോൺ​ഗ്രസ് പരസ്യം നല്‍കിയത്. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം വന്നിരുന്നു. ഇതോടെ ബി.ജെ.പി. നേതാവ് ഓം പതക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

ഇത്തരമൊരു ആരോപണം ഉയര്‍ത്തിയുള്ള പത്രപരസ്യം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് കമ്മീഷന്‍. ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും മറുപടി നല്‍കിയില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം നടപടിയെടുക്കുമെന്നും കമ്മീഷൻ നോട്ടീസില്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാഷ്ട്രീയ നാടകങ്ങളുടേയും പരീക്ഷണങ്ങളുടേയും വേദിയായ കര്‍ണാടകത്തിൽ മേയ് 10-നാണ് തിരഞ്ഞെടുപ്പ്. മേയ്13-നാണ് വോട്ടെണ്ണല്‍.

Post a Comment

Previous Post Next Post