NEWS UPDATE

6/recent/ticker-posts

വയസ് 92; കർണാടക നിയമസഭയിലേക്ക് വിജയിച്ച പ്രായം കൂടിയ സ്ഥാനാർത്ഥി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥിയായി കോൺഗ്രസിന്റെ ശാമനൂർ ശിവശങ്കരപ്പ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കൂടിയ സ്ഥാനാർത്ഥി കൂടെയായിരുന്നു തൊണ്ണൂറ്റിരണ്ടുകാരനായ ശിവശങ്കരപ്പ.[www.malabarflash.com] 

തന്റെ മണ്ഡലമായ ദാവൻഗരെ സൗത്ത് നിലനിർത്തിക്കൊണ്ടാണ് ശിവശങ്കരപ്പയുടെ മിന്നും വിജയം. തുടർച്ചയായ നാലാം തവണയാണ് ശിവശങ്കരപ്പ ദാവൻഗരെ സൗത്തിൽ നിന്നും നിയമസഭയിലെത്തുന്നത്. പൊതു തെരഞ്ഞെടുപ്പിലെ ശിവശങ്കരപ്പയുടെ ആറാം വിജയമാണിത്. മുൻവർഷങ്ങളെക്കാൾ വോട്ടുനില മെച്ചപ്പെടുത്തിക്കൊണ്ടാണ് ശിവശങ്കരപ്പ ഇത്തവണ ജയിച്ചു കയറിയത്.

പ്രധാന എതിരാളിയായ ബിജെപിയുടെ ബിജി അജയ് കുമാറിനെ 27,888 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവങ്കരപ്പ പരാജയപ്പെടുത്തിയതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ടു ചെയ്യുന്നു. ശിവശങ്കരപ്പ 84,298 വോട്ടു നേടിയപ്പോൾ, മുൻ മേയർ കൂടെയായ അജയ് കുമാറിന് നേടാനായത് 56,410 വോട്ടുകൾ മാത്രമാണ്. കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ദാവൻഗരെ സൗത്തിൽ വെന്നിക്കൊടി പാറിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ കൂടെയാണ് ശിവശങ്കരപ്പയുടെ വൻ വിജയത്തിൽ തകർന്നടിഞ്ഞത്. തുടർച്ചയായി ദാവൻഗരെ സൗത്തിൽ വിജയം രുചിക്കുന്ന ശിവശങ്കരപ്പയ്ക്ക് ഇത്തവണയും വെല്ലുവിളിയുയർത്താൻ എതിർ സ്ഥാനാർത്ഥികൾക്കായില്ല.

പ്രായാധിക്യം കണക്കിലെടുക്കാതെ കോൺഗ്രസ് ടിക്കറ്റ് നൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പടക്കുതിരകളെ മാത്രമേ മത്സരത്തിനിറക്കുകയുള്ളൂ എന്നായിരുന്നു നേരത്തേ ശിവശങ്കരപ്പ നൽകിയ മറുപടി. ദാവൻഗരെ സൗത്തിന്റെ മുഖമായി മാറിക്കഴിഞ്ഞ ശിവശങ്കരപ്പയുടെ മകൻ എസ് എസ് മല്ലികാർജ്ജുനയും ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നു. ദാവൻഗരെ നോർത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മല്ലികാർജ്ജുനും വിജയിച്ചിരുന്നു.

അടുത്ത മുഖ്യമന്ത്രി പദത്തിലേക്ക് ലിംഗായത്ത് സമുദായത്തിൽനിന്നുള്ള എംഎൽഎയെത്തന്നെ പരിഗണിക്കണമെന്ന് പാർട്ടി ഹൈക്കമാന്റിനോട് ആവശ്യപ്പെടുമെന്ന് ശിവശങ്കരപ്പ പറയുന്നു. വിജയാഘോഷത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖനും സമുദായത്തിൽ വലിയ സ്വാധീനമുള്ളയാളുമാണ് ശിവശങ്കരപ്പ. വീരശൈവ ലിംഗായത്ത് മഹാസഭയുടെ അധ്യക്ഷൻ കൂടെയാണ് അദ്ദേഹം. സമുദായവോട്ടുകളുടെ ധ്രുവീകരണം വലിയ മാറ്റങ്ങളുണ്ടാക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നിർണായകമായിരുന്നു ശിവശങ്കരപ്പ അടക്കമുള്ള സമുദായനേതാക്കളുടെ സാന്നിധ്യം. ശിവശങ്കരപ്പയെ പരാജയപ്പെടുത്താൻ ബിജെപി എതിർസ്ഥാനാർത്ഥിയായി രംഗത്തിറക്കിയതും ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട അജയ് കുമാറിനെത്തന്നെയായിരുന്നു.

തന്നെ വീണ്ടും വിജയത്തിലെത്തിച്ച കാരണങ്ങളെക്കുറിച്ച് ശിവശങ്കരപ്പ പറയുന്നതിങ്ങനെ: ‘എല്ലായ്‌പ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ് ഞങ്ങൾ. അവരുടെ വിഷമങ്ങൾക്കും പ്രതിസന്ധികൾക്കും ഞങ്ങൾ എപ്പോഴും പരിഹാരം കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, അവർ ഞങ്ങളെ തെരഞ്ഞെടുത്തു.’ പ്രായാധിക്യത്തിന്റെ തളർച്ചകളുണ്ടെങ്കിലും, തെരഞ്ഞെടുപ്പു പ്രചാരണത്തിലും വോട്ടഭ്യർത്ഥനയിലും ശിവശങ്കരപ്പ സജീവമായിത്തന്നെ പങ്കെടുത്തിരുന്നു. നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽപ്പോലും, ആവശ്യമുള്ളിടങ്ങളിൽ തന്റെ ശബ്ദമുയരുമെന്ന് ശിവശങ്കരപ്പ പറയുന്നു. വർഷങ്ങളോളമായി ശിവശങ്കരപ്പയിൽ വിശ്വാസമർപ്പിക്കുന്ന ദാവൻഗരെ സൗത്തിലെ ജനങ്ങൾ ഇത്തവണയും പതിവുതെറ്റിച്ചില്ല. സംസ്ഥാനത്തെ ഏറ്റവും പ്രായം ചെന്ന എംഎൽഎയാകുമ്പോഴും, ജനങ്ങളെ സേവിക്കാൻ പ്രായം തനിക്കൊരു തടസ്സമല്ലെന്നാണ് ശിവശങ്കരപ്പയുടെ പക്ഷം.

രാഷ്ട്രീയപ്രവർത്തനത്തിനൊപ്പം ദാവൻഗരെയിൽ മെഡിക്കൽ കോളേജുകളും നഴ്‌സിംഗ് കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും ശിവശങ്കരപ്പയുടെ ഉടമസ്ഥതയിലുണ്ട്. 312.75 കോടിയായിരുന്നു തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രികയിൽ ശിവശങ്കരപ്പ വെളിപ്പെടുത്തിയ ആസ്തി.

Post a Comment

0 Comments