NEWS UPDATE

6/recent/ticker-posts

93 പവൻ സ്വർണവും 9 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചെന്ന് പരാതി; പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ഒറ്റപ്പാലം: രണ്ടുപേരിൽ നിന്നായി സ്വർണവും പണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിലായി. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ, മലപ്പുറം തവനൂർ സ്വദേശിനി ആര്യശ്രീയെയാണ്(47) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


തൃശൂർ പഴയന്നൂർ സ്വദേശിനിയിൽനിന്ന് 93 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽനിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണു പരാതി. ഒരു വർഷത്തിനകം സ്വർണവും 3 ലക്ഷം രൂപ ലാഭവും നൽകാമെന്നു വാഗ്ദാനം നൽകിയാണ് 2017ൽ പഴയന്നൂർ സ്വദേശിനിയിൽനിന്നു സ്വർണം കൈക്കലാക്കിയതെന്നു പോലീസ് പറഞ്ഞു. 

ഇതിനു ശേഷമാണു 3 ഘട്ടങ്ങളിലായി ഇവരിൽനിന്ന് ഒന്നര ലക്ഷം രൂപ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. ആര്യശ്രീയും പഴയന്നൂർ സ്വദേശിനിയും സഹപാഠികളാണ്. ഒറ്റപ്പാലം നഗരത്തിൽ വച്ചായിരുന്നു ഇടപാടുകൾ. സ്വർണവും പണവും തിരികെ ലഭിക്കാതിരുന്നതോടെയാണു പഴയന്നൂർ സ്വദേശിനി പരാതിയുമായി പോലീസിനെ സമീപിച്ചത്. 

2 വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽനിന്ന് ഏഴര ലക്ഷം രൂപ കൈക്കലാക്കിയത്. വ്യവസായം തുടങ്ങാനെന്നു പറഞ്ഞു പണം വാങ്ങിയെന്നാണു വിവരം. ഇരുവരുടെയും പരാതികളിൽ 2 കേസുകൾ റജിസ്റ്റർ ചെയ്താണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ആര്യശ്രീയെ അന്വേഷണ വിധേയമായി മലപ്പുറം ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Post a Comment

0 Comments