Top News

പ്രിയഗാനം ആലപിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു; നാടിനെ ദുഃഖത്തിലാഴ്ത്തി ഉമ്മറിന്റെ വിയോഗം


മലപ്പുറം: പതിനാലാം രാവുദിച്ചത് മാനത്തോ... കല്ലായിക്കടവത്തോ... ഉമ്മര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പാടിയപ്പോള്‍ സദസ്സിലുള്ളവരും താളമിട്ടു. പക്ഷേ, തങ്ങളുടെ നാട്ടുകാരനും കലാകാരനുമായ ഉമ്മറിന്റെ അവസാന വേദിയാണെന്ന് അവരാരും നിനച്ചിരുന്നില്ല. പാട്ടിനെ അത്രമാത്രം സ്നേഹിച്ചിരുന്ന കലാകാരന്റെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.[www.malabarflash.com]

പൂന്താനം ദിനാഘോഷത്തിന്റെ രണ്ടാംദിനം ഗാനം ആലപിക്കുമ്പോള്‍ സ്റ്റേജില്‍ കുഴഞ്ഞു വീഴുകയായിരുന്നു തൊട്ടിക്കുളത്തില്‍ ഉമ്മര്‍. ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രി മരിച്ചു. പാട്ടും ഹാര്‍മോണിയം വായനയുമായി കലാ, സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ നിറസാന്നിധ്യമായിരുന്നു.

നാടകരംഗത്തും ഉണ്ടായിരുന്നു. നാട്ടില്‍ നടക്കുന്ന പരിപാടികളില്‍ എപ്പോഴും ഉമ്മറിന്റെ സാനിധ്യമുണ്ടാവും. ഏത് വേദിയിലാണെങ്കിലും കക്ഷിരാഷ്ട്രീയം നോക്കാതെ പാടാന്‍ ഉമ്മര്‍ എത്തുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

വിവിധ കൂട്ടായ്മകളിലും സുഹൃദ സംഗമങ്ങളിലും അദ്ദേഹത്തിന്റെ ഗാനം പതിവായിരുന്നു. പൂന്താനം ദിനാഘോഷത്തില്‍ രണ്ട് ഗാനങ്ങള്‍ ആലപിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ഉമ്മര്‍ എത്തിയത്. എന്നാല്‍ ഭക്തകവി പൂന്താനത്തിന്റെ ഓര്‍മ്മകള്‍ തളം കെട്ടിനിന്ന അന്തരീക്ഷത്തില്‍ ഒന്നാമത്തെ ഗാനമാലപിക്കുന്നതിനിടെ അദ്ദേഹം വിടവാങ്ങിയത് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി. 

പൂന്താനത്ത് റേഷന്‍കട നടത്തുകയായിരുന്നു ഉമ്മര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് പൂന്താനം ജുമാമസ്ജിദ് കബറിസ്താനില്‍ കബറടക്കം നടത്തി.

Post a Comment

Previous Post Next Post