Top News

'ഒരാളുടെ ജീവൻ രക്ഷിക്കാൻ അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ'; പ്രിയ സഖാവ് ഉദാത്ത മാതൃക തീർത്തുവെന്ന് വാസവൻ

കോട്ടയം: അപരിചിതയായ യുവതിക്ക് സ്വന്തം വൃക്ക ദാനം ചെയ്ത ചെറുപ്പക്കാരൻ മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തുവെന്ന് മന്ത്രി വി എന്‍ വാസവൻ. വയനാട് ചീയമ്പം പള്ളിപ്പടിയിൽ മാധവമംഗലത്ത് രാജേന്ദ്രൻ- മഹേശ്വരി ദമ്പതികളുടെ മകനായ മണികണ്ഠൻ മലയാളികൾക്കെല്ലാം മാതൃകയാണെന്നും വാസവൻ ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 37 - കാരിക്കാണ് മണികണ്ഠൻ വൃക്ക നൽകിയത്.[www.malabarflash.com]


സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ഇരുളം മേഖലാ സെക്രട്ടറിയുമാണ് മണികണ്ഠൻ. ഒരാളുടെ ജീവൻ രക്ഷിക്കാൻ അവരുമായി ആത്മബന്ധം വേണമെന്നില്ലല്ലോ. മനസുണ്ടെങ്കിൽ എന്തും ചെയ്യാനാകും എന്നാണ് വൃക്ക ദാനത്തെക്കുറിച്ച് സഖാവ് പറഞ്ഞതെന്നാണ് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞത്. പ്രിയ സഖാവ് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തിരിക്കുന്നുവെന്നും വാസവൻ ഫേസ്ബുക്കില്‍ കുറിച്ചു.

2014 ൽ ഡി വൈ എഫ് ഐ നടത്തിയ മെഡിക്കൽ ക്യാംപിലാണ് മണികണ്ഠൻ അവയവദാനത്തിനുള്ള സമ്മതപത്രം നൽകുന്നത്. എട്ട് മാസം മുൻപ് വൃക്കം ദാനം ചെയ്യാൻ സമ്മതമാണോ എന്നന്വേഷിച്ച് വിളി വന്നു. യുവതിയുടെ അവസ്ഥ മനസിലാക്കിയ മണികണ്ഠൻ സമ്മതം അറിയിക്കുകയായിരുന്നു. പരിശോധനയിൽ വൃക്ക യോജിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ ആദ്യം മാതാപിതാക്കൾ വിസമ്മതിച്ചു. പിന്നെ അവരെ കാര്യം പറഞ്ഞ് സമ്മതിപ്പിച്ചാണ് സഖാവ് മണികണ്ഠൻ ഈ സത്കർമ്മം ചെയ്തത്.

മകനൊപ്പം നിന്ന അച്ഛനും അമ്മയ്ക്കും സ്‌നേഹാഭിവാദ്യങ്ങൾ. പകരം വെക്കാനില്ലാത്ത മാതൃക. അഭിമാനം എന്നും വാസവൻ കുറിച്ചു. മാർച്ച് മുപ്പതിനായിരുന്നു ആദ്യം യുവതിയുടെ ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. യുവതിയുടെ ആരോഗ്യനില മോശമായതോടെ വേഗത്തില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. തന്‍റെ വൃക്ക പൂർണമായും യുവതിയില്‍ പ്രവർത്തിക്കുന്നു എന്ന വിവരത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മണികണ്ഠൻ.

Post a Comment

Previous Post Next Post