Top News

ഉള്ളിക്ക് ഗുണനിലവാരമില്ലെന്ന് വ്യാപാരികളുടെ വാദം; 512 കിലോ വിറ്റപ്പോള്‍ കര്‍ഷകന് ലഭിച്ചത് രണ്ട് രൂപ

കോലാപൂർ: മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ ഒരു കർഷകന് 512 കിലോ ഉള്ളിക്ക് ലഭിച്ചത് വെറും രണ്ട് രൂപ. 70 കിലോമീറ്റർ സഞ്ചരിച്ചാണ് രാജേന്ദ്ര തുക്കാറാം ചവാൻ എന്ന 58 കാരനായ കർഷകൻ സോളാപൂർ കാർഷിക വിള മാർക്കറ്റ് കമ്മിറ്റിയിൽ(എപിഎംസി) എത്തി ഉളളി വിറ്റത്. കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കിലാണ് കർഷകൻ ഉളളി വിറ്റത്. എന്നാൽ എല്ലാ കിഴിവുകൾക്കും ശേഷം 2.49 രൂപ മാത്രമായിരുന്നു ഉളളിക്ക് ലഭിച്ച വില. കൂടാതെ പോസ്റ്റ്-ഡേറ്റഡ് ചെക്ക് ആയാണ് കർഷകന് തുക ലഭിച്ചത്.[www.malabarflash.com]

ചരക്ക് കൂലി, കയറ്റിറക്ക് കൂലി തുടങ്ങിയവ എല്ലാം കിഴിച്ച ശേഷമാണ് 2 രൂപ 49 പൈസ ബാക്കി വന്നത്. അതിൽ 49 പൈസ വെട്ടിക്കുറച്ച് രണ്ട് രൂപ അദ്ദേഹത്തിന് നൽകി. ചെക്കായി നൽകിയ തുക മാറി കയ്യിൽ കിട്ടണമെങ്കിൽ 15 ദിവസം വേണ്ടിവരും. 'ഉള്ളിക്ക് കിലോയ്ക്ക് ഒരു രൂപ കിട്ടി. 512 രൂപയിൽ നിന്ന് 509.50 രൂപ ചരക്ക് കൂലി, കയറ്റിറക്ക് കൂലി എന്നിവയായി വ്യാപാരി കുറച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം കിലോയ്ക്ക് 20 രൂപയായിരുന്നു. വിത്ത്, വളം, കീടനാശിനി എന്നിവയുടെ വില കഴിഞ്ഞ 3-4 വർഷത്തിനിടെ ഇരട്ടിയായി. ഇത്തവണ 500 കിലോ ഉള്ളി വിളയിക്കാൻ 40,000 രൂപയാണ് ചെലവായത്,' കർഷകൻ പറഞ്ഞു.

എന്നാൽ ഉള്ളിയുടെ ഗുണമേന്മ നോക്കിയാണ് വില നിശ്ചയിക്കുന്നതെന്ന് എപിഎംസിയിലെ വ്യാപാരിയായ നസീർ ഖലീഫ പറഞ്ഞു. 'ലേലത്തിന് കൊണ്ടുവന്ന ഉള്ളി ഗുണനിലവാരം കുറഞ്ഞതായിരുന്നു. നേരത്തെ കിലോയ്ക്ക് 18 രൂപയ്ക്ക് വിറ്റ ഉയർന്ന ഗുണമേന്മയുള്ള ഉള്ളി ചവാൻ കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങൾ രസീതുകളും ചെക്കുകളും നൽകുന്ന പ്രക്രിയ കമ്പ്യൂട്ടർവത്കരിച്ചിട്ടുണ്ട്. അതിനാൽ ചവാന്റെ ചെക്ക് പോസ്റ്റ്-ഡേറ്റഡ് ആയിരുന്നു. ഇത് ഒരു സാധാരണ രീതിയാണ്. ഞങ്ങൾ നേരത്തെയും ഇത്രയും ചെറിയ തുക ചെക്കായി നൽകിയിട്ടുണ്ട്,' നസീർ ഖലീഫ പറഞ്ഞു.

Post a Comment

Previous Post Next Post