NEWS UPDATE

6/recent/ticker-posts

നിക്ഷേപ തട്ടിപ്പ്: പോലീസിനെ വെട്ടിച്ച് കടന്ന പ്രവീണ്‍ റാണ പിടിയില്‍

കോയമ്പത്തൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ പിടിയിലായി. തൃശ്ശൂര്‍ പോലീസിനെ വെട്ടിച്ച് കൊച്ചിയില്‍നിന്ന് രക്ഷപ്പെട്ട ഇയാളെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ പൊള്ളാച്ചിയിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്.[www.malabarflash.com]

ദിവസങ്ങള്‍ക്കുമുമ്പ് തൃശ്ശൂരില്‍നിന്നുള്ള പോലീസ് സംഘം, എറണാകുളത്ത് ഇയാള്‍ താമസിച്ചിരുന്ന ചിലവന്നൂരിലെ ഫ്‌ളാറ്റിലെത്തിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവീണ്‍ റാണയെ തേടി കൊച്ചിയിലുണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസിനെ അറിയിക്കാതെയായിരുന്നു അവരുടെ പരിശോധന. പോലീസ് സംഘം പ്രവീണിന്റെ ഫ്‌ളാറ്റിലേക്ക് ലിഫ്റ്റില്‍ കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ ഇയാള്‍ പുറത്തു കടക്കുകയായിരുന്നു.

രക്ഷപ്പെട്ട റാണ കാറില്‍ ചാലക്കുടി ഭാഗത്തേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. ഫ്‌ളാറ്റില്‍നിന്ന് ഇയാള്‍ പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, ചാലക്കുടിയില്‍ ഈ വാഹനം പോലീസ് തടഞ്ഞപ്പോള്‍ പ്രവീണ്‍ ഇല്ലായിരുന്നു. ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ ഇയാള്‍ ഇറങ്ങിയതായാണ് സംശയം. പ്രവീണിന് കൊച്ചിയില്‍ വന്‍ സാമ്പത്തിക ഇടപാടുകളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ വിവാദമായ ഒരു ബാര്‍ ഹോട്ടലില്‍ അടക്കം ഇയാള്‍ക്ക് പങ്കാളിത്തമുണ്ടെന്നാണ് സൂചന. പുണെയില്‍ ഡാന്‍സ് ബാറുമുണ്ട്. കൊച്ചിയിലടക്കം പോലീസ് ഉദ്യോഗസ്ഥരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി പറയുന്നു.

ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റുകളടക്കം സ്വന്തമായുണ്ട്. ഇതിന്റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് പരിസരത്ത് കിടന്നിരുന്ന റാണയുടെ രണ്ട് കാറുകളടക്കം നാല് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

പ്രവീണ്‍ 'സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍.

Post a Comment

0 Comments