NEWS UPDATE

6/recent/ticker-posts

'മമ്മൂട്ടിയും ഷാരൂഖ് ഖാനും ആസിഫ് അലിയും പാര്‍ട്ടി അംഗങ്ങള്‍': വാര്‍ത്ത വ്യാജമെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ പാര്‍ട്ടി അംഗത്വ വിതരണത്തില്‍ ക്രമക്കേട് നടന്നതായ വാര്‍ത്ത വ്യാജമാണെന്ന് മുസ്‌ലിം ലീഗ്. ഈ വാര്‍ഡില്‍ അംഗത്വമെടുത്തവരില്‍ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫലിയും ഉണ്ടെന്ന്‌ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വ്യാജമായി നിര്‍മ്മിച്ച സ്‌ക്രീന്‍ ഷോട്ട് ആധാരാമാക്കിയാണെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.[www.malabarflash.com]

സത്യവിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം അറിയിച്ചു. പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി അംഗങ്ങളാകാന്‍ താല്‍പര്യപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച ശേഷമാണ് ഓണ്‍ലൈനില്‍ അപ്‌ലോഡ്‌ ചെയ്യുന്നത്. ഓരോ വാര്‍ഡ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ക്കും പ്രത്യേക പാസ്‌വേര്‍ഡ്‌ നല്‍കിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്. അംഗങ്ങളുടെ ഫോണ്‍ നമ്പറും ആധാര്‍ നമ്പറുമെല്ലാം അപ്‌ലോഡ്‌ ചെയ്താല്‍ മാത്രമേ അംഗത്വം അംഗീകരിക്കുകയുള്ളൂ എന്നിരിക്കെ പ്രത്യക്ഷത്തില്‍ തന്നെ വ്യാജമാണെന്ന് ബോധ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുമായാണ് വ്യാജ വാര്‍ത്തയെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

24,33,295 പേരാണ് ഇത്തവണ മുസ്ലിംലീഗില്‍ അംഗത്വം പുതുക്കുകയും പുതുതായി അംഗങ്ങളായി ചേരുകയും ചെയ്തത്. 23,3295 അംഗങ്ങളുടെ വര്‍ദ്ധനവ് ഉണ്ടായി. അംഗത്വമെടുത്ത 61 ശതമാനം അംഗങ്ങളും 35 വയസ്സില്‍ താഴെയുള്ളവരാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാണ് ഇത്രയും ശാസ്ത്രീയായമായും സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തിയും അംഗത്വ കാമ്പയിന്‍ നടന്നത്. മുസ്ലിംലീഗിന്റെ രാഷ്ട്രീയത്തെ നെഞ്ചോടു ചേര്‍ക്കാന്‍ ലക്ഷങ്ങള്‍ അണിനിരന്നതില്‍ വിറളിപൂണ്ടവരാണ് വ്യാജ വാര്‍ത്തയുമായി ഇറങ്ങിയിരിക്കുന്നതെന്നും ലീഗിന്റെ പത്ര പ്രസ്താവനയില്‍ വ്യക്തമാക്കി.

Post a Comment

0 Comments