Top News

കോട്ടിക്കുളം റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ സി പി എം പ്രതിഷേധം

ഉദുമ: കോട്ടിക്കുളം റയിൽവേ സ്റ്റേഷനോട് അധികൃതർ കാട്ടുന്ന അവഗണനയ്ക്കെതിരെ സിപിഎം ഉദുമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി.[www.malabarflash.com] 

 നിർദിഷ്ട കോട്ടിക്കുളം റെയിൽവേ മേൽപ്പാല നിർമാണം 17 വർഷമായിട്ടും ആരംഭിക്കാത്തതും, നിരന്തരമായി ആവശ്യപ്പെട്ടിട്ടും കൂടുതൽ ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിനും പുറമെ ഈ റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനയുടെ അവസാന തെളിവാണ് നിലവിലെ റിസർവേഷൻ ബുക്കിംഗ് സൗകര്യം പോലും ഒഴിവാക്കിയതെന്ന പ്രതിഷേധവുമായാണ്‌ പാലക്കുന്നിൽ ടൗണിൽ നിന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കു പ്രതിഷേധ മാർച്ച്‌ നടത്തിയത്. 

സ്റ്റേഷൻ പരിസരത്തു ചേർന്ന യോഗം സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോട്ടിക്കുളം, ഉദുമ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തികവും സാങ്കേതികവുമായ നടപടിക്രമങ്ങൾ പൂർത്തിയായിട്ടും നീണ്ടുപോകുന്നത് രാഷ്ട്രീയമായ തീരുമാനങ്ങൾ ഉണ്ടാവാത്തത് മൂലമാണ്. ഈ നില തുടർന്നാൽ മാർച്ച്‌-ഏപ്രിലിന് ശേഷം അനിശ്ചിതകാല സമരമുറകൾ സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി അധ്യക്ഷയായി. ഏരിയ കമ്മിറ്റി സെക്രട്ടറി മധു മുദിയക്കാൽ, അംഗം വി. ആർ. ഗംഗാധരൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എം. കെ. വിജയൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post