NEWS UPDATE

6/recent/ticker-posts

ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ്സ് റൂം റേഡിയോ ഒരുക്കി പുര്‍വ്വ വിദ്യാര്‍ത്ഥികള്‍

ഉദുമ: ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ്സ് റൂം റേഡിയോ ഒരുക്കി പുര്‍വ്വ വിദ്യാര്‍ത്ഥികള്‍. ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് 2001-2002 എസ് എസ് എല്‍ സി ബാച്ചായ ചങ്ങാതി കൂട്ടം നേതൃത്വത്തില്‍ ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലാസ്സ് റൂം റേഡിയോ ഒരുക്കിയത്. മുഴുവന്‍ ക്ലാസുകളിലേക്കും സ്പീക്കര്‍ സംവിധാനം വഴി ഘടിപ്പിച്ച റേഡിയോ കുട്ടികളുടെ ക്ലാസ് പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കും.[www.malabarflash.com]

ദിവസേനയുള്ള പ്രഭാത വാര്‍ത്തകള്‍ക്കു പുറമേ പുസ്തകാസ്വാദനനവും ബോധവല്‍ക്കരണ ക്ലാസുകളും അറിയിപ്പുകളും നല്‍കാന്‍ ഈ സംവിധാനത്തിന് കഴിയും. സ്‌കൂളിലെ മുഴുവന്‍ ക്ലാസ് മുറികളും ഇതോടെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഹൈടെക് ആയി മാറി. 

പൂര്‍ണ്ണമായും സിസിടിവി വീക്ഷണമുള്ള സ്‌കൂള്‍ കാമ്പസും പ്രൊജക്ടര്‍ സംവിധാനത്തോടെയുള്ള ഹൈടെക് ക്ലാസ് മുറികളും മുമ്പേ തന്നെ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് എസ് എസ് ബി ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ ശബ്ദസംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

കോവിഡ് ദുരന്തത്തിന് ശേഷം നേരിട്ട ഏറ്റവും വലിയ രണ്ട് ദുരന്തങ്ങള്‍ സൈബര്‍, മയക്ക് മരുന്ന് ദുരന്തങ്ങളാണ് എല്ലാവരേയും വേട്ടയാടപ്പെടുന്നതെന് അദ്ദേഹം പറഞ്ഞു. ലഹരി മാഫിയകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റും വട്ടമിട്ട് പറക്കുകയാണെന്നും സ്വന്തം രക്ഷിതാക്കള്‍ തരുന്ന ഭക്ഷണങ്ങള്‍ അല്ലാതെ പുറത്ത് നിന്ന് ആരു തന്നാലും ഒന്നും വാങ്ങിച്ചു കഴിക്കരുതെന്ന് ഡിവൈഎസ്പി കുട്ടികളെ ഓര്‍മ്മിപ്പിച്ചു. 

പിടിഎ പ്രസിഡന്റ് വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സുധാകരന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കെ വി ശ്രീധരന്‍, മദര്‍ പിടിഎ പ്രസിഡന്റ് സിന്ധു കുമാരന്‍, ചങ്ങാതികൂട്ടം പ്രസിഡന്റ് സതീശന്‍, ട്രഷറര്‍ വിപിത എന്നിവര്‍ സംസാരിച്ചു. പ്രഥമധ്യാപിക വി തങ്കമണി സ്വാഗതവും ചങ്ങാതിക്കൂട്ടം യുഎഇ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments