Top News

പ്രസവ വേദന അഭിനയിച്ച് അന്താരാഷ്ട്ര വിമാനം നിലത്തിറക്കി; ഓടി രക്ഷപ്പെട്ട് 27 പേര്‍, യുവതിക്കെതിരെ കേസ്

അടിയന്തരമായി നിലത്തിറക്കിയ അന്താരാഷ്ട്ര വിമാനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട് 27 പേര്‍. സ്പെയിനിലാണ് സംഭവം. മൊറോക്കോയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തര സാഹചര്യത്തില്‍ സ്പെയിനിലെ ബാര്‍സിലോണയില്‍ ഇറക്കിയത്. വിമാനത്തിലെ ഗര്‍ഭിണിയായ ഒരു യാത്രക്കാരി പ്രസവ വേദന ആരംഭിച്ചതായി പറഞ്ഞതിനേ തുടര്‍ന്നായിരുന്നു വിമാനം അടിയന്തരമായി താഴെയിറക്കിയത്. സ്ത്രീയെ വിമാനത്തിന് പുറത്തേക്ക് എത്തിക്കുന്നതിനിടയിലാണ് 27 യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്.[www.malabarflash.com]


ഇവരില്‍ 13 പേരെ വിമാനത്താവള സുരക്ഷാ ജീവനക്കാര്‍ പിടിച്ചെങ്കിലും 14 പേരെ ഇനിയും കണ്ടെത്താനായില്ല. ബുധനാഴ്ചയാണ് സംഭവം നടന്നത്. കാറ്റലോണിയ മേഖലയിലെ സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം പെഗാസസ് വിമാനത്തിലെ 14 യാത്രക്കാരാണ് അനധികൃതമായി രാജ്യത്തേക്ക് കടന്നിരിക്കുന്നത്. വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ച യുവതിക്കെതിരെ സ്പെയിന്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഗര്‍ഭിണി ആയിരുന്നെങ്കിലും ഇവര്‍ക്ക് പ്രസവ വേദന ആരംഭിച്ചില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്.

പൊതു ജന ജീവിതം താറുമാറാക്കിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ സ്പെയിന്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തിയ 13 പേരെ ഇതേ വിമാനത്തില്‍ തന്നെ തിരികെ ഇസ്താംബൂളിലേക്ക് അയച്ചു. രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച ആളുകള്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് സ്പെയിന്‍ വ്യക്തമാക്കിയിട്ടില്ല.

നവംബര്‍ അവസാന വാരം 37000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച വനിത അറസ്റ്റിലായിരുന്നു. ഹൂസ്റ്റണില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിനാണ് യുവതിയുടെ വിചിത്ര നടപടിയേ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തേണ്ടി വന്നത്. ലിറ്റില്‍ റോക്കിലാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്. ശനിയാഴ്ചയാണ് ഓഹിയോയിലേക്ക് പുറപ്പെട്ട സൌത്ത് വെസ്റ്റ് വിമാനത്തിന്‍റെ വാതിലാണ് യാത്രയ്ക്കിടെ യുവതി തുറക്കാന്‍ ശ്രമിച്ചത്.

Post a Comment

Previous Post Next Post