Top News

കിരീടവിജയം ഷൂട്ടൗട്ടിലായത് അർജന്റീനയെ ‘തിരിച്ചടിച്ചു’; റാങ്കിങ്ങിൽ നമ്പർ 1 ബ്രസീൽ തന്നെ

സൂറിച്ച് : മൂന്നര പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനൊടുവിൽ ഫിഫ ലോകകപ്പ് നേടാനായെങ്കിലും, ലോക റാങ്കിങ്ങിൽ ബദ്ധവൈരികളായ ബ്രസീലിനെ മറികടക്കാനാകാതെ അർജന്റീന. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടു തോറ്റു പുറത്തായെങ്കിലും, ഇപ്പോഴും ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു ബ്രസീൽ തന്നെ.[www.malabarflash.com]

പെനൽറ്റി ഷൂട്ടൗട്ടിലെ വിജയങ്ങൾക്ക് താരതമ്യേന റാങ്കിങ് പോയിന്റ് കുറവായതാണ് ലോകകപ്പ് വിജയത്തിലും അർജന്റീനയ്ക്ക് തിരിച്ചടിയായത്. ഫിഫയുടെ പുതുക്കിയ റാങ്കിങ് ഔദ്യോഗികമായി വ്യാഴാഴ്ച പുറത്തുവിടും.

കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ തോൽപ്പിക്കാനായിരുന്നെങ്കിൽ അർജന്റീനയ്ക്ക് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. വിജയം ഷൂട്ടൗട്ടിലായതോടെ ബ്രസീൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി. 2022 ഫെബ്രുവരിയിലാണ് ബെൽജിയത്തെ മറികടന്ന് ബ്രസീൽ ലോക റാങ്കിങ്ങിൽ ഒന്നാമൻമാരായത്.

ഖത്തർ ലോകകപ്പിൽ ബ്രസീൽ ആകെ നേടിയത് മൂന്നു വിജയങ്ങളാണ്. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോട് നിശ്ചിത സമയത്തും ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനൽറ്റി ഷൂട്ടൗട്ടിലും തോറ്റു. അർജന്റീനയാകട്ടെ, ഖത്തറിൽ നിശ്ചിത സമയത്ത് നേടിയത് നേടിയത് നാലു വിജയങ്ങൾ. ഫൈനലിൽ ഫ്രാൻസിനെതിരെ ഉൾപ്പെടെ പെനൽറ്റി ഷൂട്ടൗട്ടിൽ രണ്ടു വിജയങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില് സൗദി അറേബ്യയോടു തോൽക്കുകയും ചെയ്തു.

ഫൈനലിൽ ഉൾപ്പെടെ രണ്ടു വിജയങ്ങൾ പെനൽറ്റി ഷൂട്ടൗട്ടിലായതോടെ ലഭിച്ച റാങ്കിങ് പോയന്റ് കുറവായതാണ് അവർക്ക് തിരിച്ചടിയായത്. ഇതോടെ, 2021ലെ കോപ്പ അമേരിക്ക കിരീടത്തിനു പുറമെ ഇത്തവണ ലോക കിരീടവും നേടിയിട്ടും അർജന്റീന റാങ്കിങ്ങിൽ ബ്രസീലിനു പിന്നിലായി.

ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും ലോകകപ്പ് നേട്ടത്തോടെ അർജന്റീന പോയിന്റ് പട്ടികയിൽ ഒരു സ്ഥാനം കയറി രണ്ടാം സ്ഥാനത്തെത്തി. ഫൈനലിൽ തോറ്റ ഫ്രാൻസും ഒരു സ്ഥാനം കയറി മൂന്നാം സ്ഥാനത്തെത്തി. ലോകകപ്പ് തുടങ്ങും മുൻപ് രണ്ടാം സ്ഥാനത്തായിരുന്ന ബെൽജിയം രണ്ടു സ്ഥാനങ്ങൾ ഇറങ്ങി നാലാമതാണ്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തു തുടരുമ്പോൾ, ക്വാർട്ടറിൽ കടന്ന പ്രകടനത്തോടെ നെതർലൻഡ്സ് ആറാം സ്ഥാനത്തേക്ക് ഉയർന്നു.

തുടർച്ചയായ രണ്ടാം ലോകകപ്പിലും സെമിഫൈനൽ കളിച്ച ക്രൊയേഷ്യ അഞ്ച് സ്ഥാനങ്ങൾ കയറി ഏഴാമതെത്തി. ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ഇറ്റലി രണ്ടു സ്ഥാനങ്ങൾ നഷ്ടമാക്കി എട്ടാമതായി. പോർച്ചുഗൽ ഒൻപതാം സ്ഥാനത്തു തുടരുമ്പോൾ, സ്പെയിൻ മൂന്നു സ്ഥാനം നഷ്ടമാക്കി പത്താമതായി.

ലോകകപ്പിൽ അപ്രതീക്ഷിത കുതിപ്പു നടത്തിയ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും മികച്ച പ്രകടനം കാഴ്ചവച്ച ഓസ്ട്രേലിയയുമാണ് റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഇരു ടീമുകളും റാങ്കിങ്ങിൽ 11 സ്ഥാനങ്ങൾ ഉയർന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനക്കാരെന്ന നേട്ടവുമായി മൊറോക്കോ ഫിഫ റാങ്കിങ്ങിൽ 11–ാം സ്ഥാനത്തെത്തി. പ്രീക്വാർട്ടറിൽ കടന്ന ഓസ്ട്രേലിയ 27–ാം റാങ്കിലുണ്ട്. 1998–ൽ 10–ാം സ്ഥാനത്തെത്തിയാണ് ഫിഫ റാങ്കിങ്ങിൽ മൊറോക്കോയുടെ ഏറ്റവും മികച്ച പ്രകടനം. അതേസമയം, 2015ൽ അവർ 92–ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടിരുന്നു.

ബ്രസീലിനെതിരെ ലോകകപ്പിൽ വിജയം നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയ കാമറൂൺ 10 സ്ഥാനങ്ങൾ ഉയർന്ന് 33–ാം റാങ്കിലെത്തി. കോൺകകാഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനക്കാരെന്ന നേട്ടവുമായി യുഎസ്എ മൂന്നു സ്ഥാനങ്ങൾ ഉയർന്ന് 13–ാം റാങ്കിലെത്തി. രണ്ടു സ്ഥാനങ്ങൾ നഷ്ടമാക്കി മെക്സിക്കോ 15–മതായി.

ആതിഥേയരായ ഖത്തറും കാനഡയുമാണ് ലോകകപ്പ് കളിച്ച രാജ്യങ്ങളിൽ ഏറ്റവും നഷ്ടം നേരിട്ടവർ. ഇരു ടീമുകളും 12 സ്ഥാനം താഴേക്കിറങ്ങി. കാനഡ 53–ാം സ്ഥാനത്തും ഖത്തർ 62–ാം സ്ഥാനത്തുമാണ്. വെയ്ൽസ് ഒൻപത് സ്ഥാനം നഷ്ടമാക്കി 28–ാം റാങ്കിലാണ്. ഡെൻമാർക്ക് എട്ടു സ്ഥാനം നഷ്ടമാക്കി 18–ാം റാങ്കിലേക്കും വീണു. സെർബിയയും എട്ടു സ്ഥാനം നഷ്ടമാക്കി 29–ാം റാങ്കുകാരായി.

Post a Comment

Previous Post Next Post