NEWS UPDATE

6/recent/ticker-posts

രണ്ടാം കിരീടമുയർത്തി ഇംഗ്ലണ്ട്; പാക്കിസ്ഥാനെ തോൽപിച്ചത് അഞ്ചു വിക്കറ്റിന്

മെൽബണ്‍: പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് ട്വന്റി20 ലോകകപ്പ് കിരീടം ചൂടി ഇംഗ്ലണ്ട്. ബെൻ സ്റ്റോക്സ് അർധ സെഞ്ചറിയുമായി പൊരുതിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് വിജയ റൺസ് കുറിച്ചത്. സ്കോർ പാക്കിസ്ഥാൻ– എട്ട് വിക്കറ്റ് നഷ്ടത്തിൽ 137, ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 138 (19).[www.malabarflash.com]

ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ രണ്ടാം കിരീടമാണിത്. 2010ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിനു തോൽപിച്ചാണ് ഇംഗ്ലണ്ട് ആദ്യമായി ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

ഫൈനലിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി പ്രതിരോധത്തിലാക്കിയ പാക്ക് ബോളർക്ക് ബെൻ സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ് കൊണ്ടാണ് ഇംഗ്ലണ്ട് മറുപടിയൊരുക്കിയത്. 49 പന്തുകൾ നേരിട്ട സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ (17 പന്തിൽ 26), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (12 പന്തിൽ 19) എന്നിവരും ഇംഗ്ലണ്ടിനായി ഫൈനലിൽ തിളങ്ങി.

അലക്സ് ഹെയ്ൽസ് (രണ്ട് പന്തിൽ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒൻപതു പന്തിൽ പത്ത്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ഇംഗ്ലിഷ് ബാറ്റർമാരുടെ പ്രകടനങ്ങൾ. രണ്ടു പന്തിൽ ഒരു റണ്ണെടുത്ത ലിയാം ലിവിങ്സ്റ്റൻ പുറത്താകാതെ നിന്നു. ജയത്തോടെ ഏകദിന, ട്വന്റി20 കിരീടങ്ങൾ കൈവശം വയ്ക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 2019ൽ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ വിക്കറ്റു നഷ്ടമാക്കിക്കൊണ്ടാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഇന്ത്യയ്ക്കെതിരായ സെമി ഫൈനലിൽ തകർ‌പ്പൻ ബാറ്റിങ് പുറത്തെടുത്ത് അർധ സെഞ്ചറി നേടിയ അലക്സ് ഹെയ്ൽസ് ഒരു റണ്ണിനു പുറത്തായി. ഷഹീൻ അഫ്രീദിയുടെ പന്തിൽ ഹെയ്ൽസ് ബോൾഡാകുകയായിരുന്നു. സ്കോർ 32 ൽ നിൽക്കെ ഫിലിപ് സാൾട്ടിനെ ഇഫ്തിഖർ അഹമ്മദിന്റെ കൈകളിലെത്തിച്ച് ഹാരിസ് റൗഫ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേൽപിച്ചു.

ക്യാപ്റ്റൻ ജോസ് ബ‍ട‍്‍ലറും പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഹാരിസ് റൗഫിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍വാൻ ക്യാച്ചെടുത്താണ് ബട‍്‍ലറുടെ പുറത്താകൽ. ഹാരി ബ്രൂക്കിന്റെ വിക്കറ്റ് ശതബ് ഖാൻ സ്വന്തമാക്കി. 12 പന്തിൽ 19 റൺസെടുത്ത മൊയീന്‍ അലിയും വിജയത്തിൽ നിർണായക സംഭാവന നൽകി. 15.4 ഓവറിലാണ് ഇംഗ്ലണ്ട് 100 പിന്നിട്ടത്. എന്നാൽ ബെന്‍ സ്റ്റോക്സ് നിന്നടിച്ചതോടെ 19 ഓവറിൽ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു.

Post a Comment

0 Comments