NEWS UPDATE

6/recent/ticker-posts

ഓറഞ്ച് പടയ്ക്ക് മധുരം പകര്‍ന്ന് ഗാക്‌പോയും ക്ലാസനും, സെനഗലിനെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ്

ദോഹ: അട്ടിമറികളും അത്ഭുതങ്ങളുമുണ്ടായില്ല. സമനില കാത്തുകഴിഞ്ഞവരെ ഞെട്ടിച്ച് ഡച്ച് പട അവസാന വിസിലിനോടടുത്ത് രണ്ട് ഗോള്‍ വലയിലാക്കി സെനഗലിനെ മറികടന്നു. ജന്മ നാടായ ടോഗോ ഉപേക്ഷിച്ച് അമ്മയുടെ നാടായ ഡച്ചിനെ പുല്‍കിയ കോഡി ഗാക്പോയാണ് സ്‌കോറിങ് തുടങ്ങിയത്. എക്സ്ട്രാ ടൈമിന്റെ ഒന്‍പതാം മിനിറ്റില്‍ ലക്ഷ്യം കണ്ട ഡേവി ക്ലാസന്‍ പട്ടിക പൂര്‍ത്തിയാക്കി. സ്‌കോര്‍: നെതര്‍ലന്‍ഡ്സ്-2, സെനഗല്‍-0 [www.malabarflash.com]


എണ്‍പത്തിനാലാം മിനിറ്റില്‍ ഒരു ഹെഡ്ഡറില്‍ നിന്നായിരുന്നു ഗാക്പോയുടെ ഗോള്‍. അവസരങ്ങള്‍ ഒന്നൊന്നായി തുലച്ചശേഷമാണ് സെനഗല്‍ ഒടുവില്‍ തോല്‍വി വഴങ്ങിയത്. ഡച്ച് ഗോളി ആന്ദ്രെ നൊപ്പേര്‍ട്ടായിരുന്നു അവരുടെ മുന്നിലെ പ്രധാന വെല്ലുവിളി. സാഡിയോ മാനെയുടെ അഭാവം ഉടനീളം നിഴലിട്ട മത്സരത്തില്‍ ഡച്ച് പ്രതിരോധത്തെ മറികടക്കാനുള്ള തന്ത്രമോ ആക്രമണത്തിലെ മൂര്‍ച്ചയോ ലക്ഷ്യബോധമോ അവര്‍ക്കുണ്ടായതുമില്ല. ഫ്രെങ്കി ഡിയോങ്ങിന്റെ ഒന്നാന്തരമൊരു ക്രോസ് ഓഫ് സൈഡ് ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ടാണ് ഗോക്പോ ഗോളി മെന്‍ഡിയെയും തോല്‍പിച്ച് കുത്തി വലയിലിട്ടത്. അഡ്വാന്‍സ് ചെയ്തുവരുന്നതില്‍ പരിചയസമ്പന്നനായ മെന്‍ഡി കാട്ടിയ അമാന്തവും ഗാക്പോയ്ക്ക് ഗുണമായി. മെന്‍ഡിയുടെ പിഴവു തന്നെയാണ് രണ്ടാം ഗോളിനും വഴിവച്ചത്. ഡീപേ മെംഫിസ് കൊടുത്ത പന്ത് ക്ലാസെന്‍ ഗോളിലേയ്ക്ക് തൊടുക്കുമ്പോള്‍ സേവ് ചെയ്യാവുന്ന സാഹചര്യത്തിലായിരുന്നു മെന്‍ഡി. പക്ഷേ, കൈകള്‍ക്ക് തൊട്ടു മുകളിലൂടെ പന്ത് വലയില്‍ കയറി.പിന്നാലെ ക്ലാസനും വെടിയുതര്‍ത്തു

ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചശേഷമാണ് സെനഗല്‍ കീഴടങ്ങിയത്. മത്സരത്തില്‍ നാല് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തെങ്കിലും ഒരു ഗോള്‍ പോലും നേടാന്‍ സെനഗലിന് സാധിച്ചില്ല. മുന്നേറ്റതാരം സാദിയോ മാനെയുടെ അഭാവം ടീമില്‍ പ്രകടമായിരുന്നു. ഈ വിജയത്തോടെ നെതര്‍ലന്‍ഡ്‌സ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്തി.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. നാലാം മിനിറ്റില്‍ നെതര്‍ലന്‍ഡിന്റെ ബെര്‍ഗ്വിന് മികച്ച അവസരം ലഭിച്ചെങ്കിലും അത് സെനഗല്‍ പ്രതിരോധം തടഞ്ഞു. എട്ടാം മിനിറ്റില്‍ സെനഗലിന്റെ സിസ്സെയും മികച്ച അവസരം പാഴാക്കി.

65-ാം മിനിറ്റില്‍ സെനഗലിന്റെ ഡിയയ്ക്ക് മികച്ച അവസരം ലഭിച്ചു. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ അവസരം ലഭിച്ചിട്ടും ഡിയ അത് തുലച്ചുകളഞ്ഞു. 73-ാം മിനിറ്റില്‍ സെനഗലിന്റെ ഗ്യുയെയുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ നോപ്പര്‍ട്ട് തട്ടിയകറ്റി. സെനഗല്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട് നെതര്‍ലന്‍ഡ്‌സിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി.

എന്നാല്‍ നിനച്ചിരിക്കാതെ നെതര്‍ലന്‍ഡ്‌സ് വെടിപൊട്ടിച്ചു. മത്സരത്തിന്റെ 84-ാം മിനിറ്റില്‍ ഓറഞ്ച് പടയ്ക്ക് വേണ്ടി കോഡി ഗാക്‌പോ ലക്ഷ്യം കണ്ടു. സൂപ്പര്‍താരം ഫ്രെങ്കി ഡിയോങ്ങിന്റെ അളന്നുമുറിച്ച ക്രോസിന് കൃത്യമായി തലവെച്ച ഗാക്‌പോ ഗോള്‍കീപ്പര്‍ മെന്‍ഡിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ നെതര്‍ലന്‍ഡ്‌സ് വിജയമുറപ്പിച്ചു.

എട്ട് മിനിറ്റ് അധികസമയം അനുവദിച്ച രണ്ടാം പകുതിയില്‍ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഡേവി ക്ലാസനും വലകുലുക്കി. മെംഫിസ് ഡീപേയുടെ ഷോട്ട് ഗോള്‍കീപ്പര്‍ മെന്‍ഡി തടഞ്ഞു. എന്നാല്‍ പന്ത് സ്വീകരിച്ച ക്ലാസന്‍ അനായാസം ലക്ഷ്യം കണ്ടു. പിന്നാലെ റഫറി ലോങ് വിസില്‍ മുഴക്കുകയും ചെയ്തു.

Post a Comment

0 Comments