NEWS UPDATE

6/recent/ticker-posts

വീണ്ടും ഏഷ്യന്‍ അട്ടിമറി; ജര്‍മനിയെ തോല്‍പ്പിച്ച് സാമുറായികളുടെ യുദ്ധ പ്രഖ്യാപനം

ദോഹ: ലോകകപ്പില്‍ അട്ടിമറികള്‍ അവസാനിക്കുന്നില്ല. അത്ഭുതങ്ങളും. വമ്പനമാരുടെ മരണഗ്രൂപ്പായി മാറിയ ലോകകപ്പില്‍ ഇത്തിരിക്കുഞ്ഞന്മാരെന്ന കുത്തുന്ന പരിഹാസം കേട്ടവരുടെ അവിശ്വസനീയ കുതിപ്പും തുടര്‍ക്കഥയാവുകയാണ്. അര്‍ജന്റീനയുടെ തോല്‍വിയുടെ തനിയാവര്‍ത്തനം പോലെ മണ്ണ് തൊട്ട് ചങ്ക് തകര്‍ന്നിരിക്കുകയാണ് കൊമ്പുകുലുക്കി വന്ന ജര്‍മനിയും. ജപ്പാനോടാണ് ജര്‍മനിയുടെ ഞെട്ടുന്ന തോല്‍വി.[www.malabarflash.com]

അതും അര്‍ജന്റീനയെപ്പോലെ ആദ്യം ലീഡ് നേടിയശേഷം. അര്‍ജന്റീനയെ പോലെ ആദ്യം പെനാല്‍റ്റിയിലൂടെ ലീഡ് നേടിയത് ജര്‍മനി. മുപ്പത്തിമൂന്നാം മിനിറ്റില്‍ ഗുണ്ടോഗനിലൂടെ. എഴുപത്തിയഞ്ചാം മിനിറ്റില്‍ ഡൊവാനാണ് ഒന്നാന്തരമൊരു ഗോളിലൂടെ ജര്‍മനിയെ ഞെട്ടിച്ച് ജപ്പാനെ ഒപ്പമെത്തിച്ചത്. 

എട്ട് മിനിറ്റേ കാത്തുനില്‍ക്കേണ്ടിവന്നുള്ളൂ... അതിലും സുന്ദരമായ ഒരു ഗോള്‍ വലയിലാക്കി അസാനോ ജപ്പാന് അവിശ്വസനീയവും ആവേശോജ്വലവുമായ ജയം സമ്മാനിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ റഷ്യയില്‍ മെക്സിക്കോയോടായിരുന്നു ജര്‍മനിയുടെ തോല്‍വി. 

ആള്‍ബലമുണ്ട്. ആവനാഴി നിറയെ ആയുധവുമുണ്ട്. ഒന്നും വേണ്ടവണ്ണം ഉപയോഗിക്കാനാവാതെയാണ് ജര്‍മനി ജപ്പാന്റെ മിടുക്കിന് മുന്നില്‍ സുല്ലിട്ടത്. മധ്യനിരയില്‍ നിന്ന് ഉയലെടുത്ത എണ്ണിയാലൊടുങ്ങാത്ത നീക്കങ്ങള്‍ കൊണ്ട് അവര്‍ ജപ്പട്ടനെ നിരന്തരം ഭീഷണിപ്പെടുത്തി. 

എന്നാല്‍, സൗദി അര്‍ജന്റീനയോട് ചെയ്തതുപോലെ ജപ്പാന്‍ അവര്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഒന്നാന്തരം കോട്ടകെട്ടി. അതില്‍ ചെറിയ വിള്ളലുണ്ടാകുമ്പോള്‍ ഗോളിന് വഴിമുടക്കി ഗോണ്ടയും നിന്നു. അതിവേഗ പ്രത്യാക്രമണമായിരുന്നു ജപ്പാന്റെ മറുതന്ത്രം. അതില്‍ ജര്‍മന്‍ പ്രതിരോധമതില്‍ പലപ്പോഴും തകര്‍ന്ന് നിലംപരിശായി. ഇങ്ങനെ വന്ന രണ്ട നീക്കങ്ങളാണ് അവരുടെ അന്ത്യം കുറിച്ച ഗോളുകള്‍ക്ക് വഴിയൊരുക്കിയതും.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ജപ്പാനും ജര്‍മനിയും ആക്രമിച്ചാണ് കളിച്ചത്. എട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് കൊടി ഉയര്‍ത്തി. ജര്‍മന്‍ പ്രതിരോധത്തെ ഞെട്ടിച്ച മുന്നേറ്റമാണ് ജപ്പാന്‍ നടത്തിയത്. ആദ്യ പത്തുമിനിറ്റില്‍ ഒരു ഷോട്ട് പോലും ഗോള്‍ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ ജര്‍മനിയ്ക്ക് സാധിച്ചില്ല അത്രമേല്‍ ജര്‍മന്‍ മുന്നേറ്റനിരയെ പിടിച്ചുകെട്ടാന്‍ ജപ്പാന് സാധിച്ചു.

17-ാം മിനിറ്റില്‍ ജര്‍മനിയുടെ ആന്റോണിയോ റൂഡിഗറുടെ മികച്ച ഹെഡ്ഡര്‍ ജപ്പാന്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 20-ാം മിനിറ്റില്‍ ജോഷ്വാ കിമ്മിച്ചിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഗോണ്ട തട്ടിയകറ്റി. ജപ്പാന്‍ ബോക്‌സിലേക്ക് മുന്നേറാന്‍ ജര്‍മന്‍ താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പ്രതിരോധനിര വിഫലമാക്കി. ജര്‍മനിയുടെ കരുത്ത് തിരിച്ചറിഞ്ഞ് അതിനനുസരിച്ച പ്രതിരോധമാണ് ജപ്പാന്‍ ഗ്രൗണ്ടില്‍ തീര്‍ത്തത്.

33-ാം മിനിറ്റില്‍ ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടയുടെ ഫൗളിനെത്തുടര്‍ന്ന് ജര്‍മനിയ്ക്ക് പെനാല്‍റ്റി ലഭിച്ചു. ബോക്‌സിനകത്തുവെച്ച് ജര്‍മനിയുടെ റൗമിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത സൂപ്പര്‍താരം ഇല്‍കൈ ഗുണ്ടോഗന് തെറ്റിയില്ല. ഗോണ്ടയെ അനായാസം കബിളിപ്പിച്ച് ഗുണ്ടോഗന്‍ ജര്‍മന്‍ പടയുടെ ഈ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ചു. ഗോള്‍ നേടിയ ശേഷവും ജര്‍മന്‍ ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞില്ല. പക്ഷേ ജപ്പാന്‍ പ്രതിരോധം അവയെ സമര്‍ത്ഥമായി തന്നെ നേരിട്ടു. ഇന്‍ജുറി ടൈമില്‍ കൈ ഹാവെര്‍ട്‌സിലൂടെ ജര്‍മനി വീണ്ടും വലകുലുക്കിയെങ്കിലും റഫറി വാറിന്റെ സഹായത്തോടെ ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

69-ാം മിനിറ്റില്‍ തിരിച്ചടിക്കാനുള്ള സുവര്‍ണാസരം പകരക്കാരനായി വന്ന ജപ്പാന്റെ അസാനോ പാഴാക്കി. 70-ാം മിനിറ്റില്‍ ജര്‍മനിയുടെ ഗോള്‍ പോസ്റ്റിലേക്കുള്ള തുടര്‍ച്ചായ നാല് ഷോട്ടുകള്‍ രക്ഷപ്പെടുത്തിക്കൊണ്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ ഗോണ്ടെ ഏവരെയും ഞെട്ടിച്ചു. പിന്നാലെ ജപ്പാന്റെ വക തകര്‍പ്പന്‍ മുന്നേറ്റം. എന്‍ഡോയുടെ മികച്ച ഷോട്ട് തകര്‍പ്പന്‍ സേവിലൂടെ ജര്‍മന്‍ നായകന്‍ എന്‍ഡോ രക്ഷിച്ചെടുത്തു.

പക്ഷേ അവിടംകൊണ്ടൊന്നും ജപ്പാന്‍ പടയുടെ ഉശിര് താഴ്ന്നില്ല. 83-ാം മിനിറ്റില്‍ വീണ്ടും ഗോളടിച്ചുകൊണ്ട് ജപ്പാന്‍ ജര്‍മനിയെ വീണ്ടും ഞെട്ടിച്ചു. ഇത്തവണ പകരക്കാരനായി വന്ന തകുമ അസാനോയാണ് ജപ്പാന് വേണ്ടി വലകുലുക്കിയത്. ലോങ് ബോള്‍ സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ അസാനോ ന്യൂയറെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. ജര്‍മന്‍ ആരാധകര്‍ കണ്ണീരില്‍ മുങ്ങിയപ്പോള്‍ ജപ്പാന്‍ ക്യാമ്പില്‍ ആഹ്ലാദത്തിന്റെ പരകോടി! അര്‍ജന്റീനയ്ക്ക് സംഭവിച്ചതുപോലെയൊരു വലിയ അട്ടിമറിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ജപ്പാന് സാധിച്ചു. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ മികച്ച അവസരം ജര്‍മനിയ്ക്ക് ലഭിച്ചിട്ടും അത് മുതലാക്കാനായില്ല.

Post a Comment

0 Comments