NEWS UPDATE

6/recent/ticker-posts

ഡെൻമാർക്ക് – തുനീസിയ പോരാട്ടം സമാസമം; ഖത്തർ ലോകകപ്പിലെ ആദ്യ ഗോളില്ലാ മത്സരം

ദോഹ: ഖത്തർ ലോകകപ്പിൽ ഗോൾ പിറക്കാതെ പോയ ആദ്യ മത്സരത്തിൽ, കരുത്തൻമാരായ ഡെൻമാർക്കിനെ തളച്ച് തുനീസിയ. ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും, അതു മുതലാക്കാനാകാതെ പോയതാണ് മത്സരം ഗോൾരഹിതമാക്കിയത്. രണ്ടാം പകുതിയിൽ ഓൾസനിലൂടെ ഡെൻമാർക്ക് തുനീസിയൻ വലയിൽ പന്തെത്തിച്ചെങ്കിലും, റഫറി ഓഫ്സൈഡ് വിളിച്ചത് തിരിച്ചടിയായി. ഇതോടെ, ഗ്രൂപ്പ് ഡിയിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിച്ചു.[www.malabarflash.com]


പന്തടക്കത്തിലും പാസിങ്ങിലും താരതമ്യേന മേധാവിത്തം പുലർത്തിയ ഡെൻമാർക്കിന്, കനത്ത തിരിച്ചടിയാണ് തുനീസിയയ്‌ക്കെതിരായ സമനില. 56–ാം മിനിറ്റിൽ സ്കോവ് ഓൾസനിലൂടെ വല ചലിപ്പിച്ച ഡെൻമാർക്കിന്, റഫറിയുടെ ഓഫ്സൈഡ് തീരുമാനവും തിരിച്ചടിയായി. ഡാംസ്ഗാർഡിന്റെ ഷോട്ട് തുനീസിയൻ ഗോൾകീപ്പർ രക്ഷപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഓൾസൻ പന്ത് വലയിലെത്തിച്ചത്.

ആദ്യപകുതിയിൽ തുനീസിയയാണ് ഭേദപ്പെട്ടു നിന്നതെങ്കിൽ, രണ്ടാം പകുതിയിൽ ഡെൻമാർക്കും കരുത്തുകാട്ടി. ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ഡെൻമാർക്ക് താരങ്ങൾ ആക്രമിച്ചു കളിച്ചെങ്കിലും, തുനീസിയൻ ഗോൾകീപ്പർ അയ്മൻ ഡെഹ്മന്റെ തകർപ്പൻ പ്രകടനം അവരെ ലക്ഷ്യത്തിൽനിന്ന് അകറ്റി.

ആദ്യ പകുതിയിൽ തുനീസിയയുടെ ഗോളെന്നുറപ്പിച്ച നീക്കം തടഞ്ഞ ഗോൾകീപ്പർ കാസ്പർ ഷ്മൈക്കലിനും ഡെൻമാർക്ക് നന്ദി പറയണം. 43–ാം മിനിറ്റിൽ തുനീസിയൻ താരം ജെബാലിയുടെ ഗോളെന്നുറപ്പിച്ച ചിപ്പ് ഷോട്ട് അവിശ്വസനീയമായാണ് ഷ്മൈക്കൽ തട്ടിയകറ്റിയത്.

Post a Comment

0 Comments