Top News

വിവാഹ വീടുകളില്‍ മോഷണം; 'മണവാളന്‍' ഷാജഹാന്‍ ആന്ധ്രയില്‍നിന്ന് പിടിയില്‍

മലപ്പുറം: വിവാഹവീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഷാജഹാൻ എന്ന മണവാളൻ ഷാജഹാനെ ആന്ധ്രാപ്രദേശിലെ നല്ലചെരു എന്ന ഗ്രാമത്തിലെ ഒളിസങ്കേതത്തിൽ നിന്നും പിടികൂടി.[www.malabarflash.com]

നവംബർ 13ന് കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പാറമ്മൽ അങ്ങാടി എന്ന സ്ഥലത്തെ കല്യാണവീട്ടിൽ നിന്നും എട്ട് ലക്ഷം രൂപയും 20 പവനും കവർന്നാണ് ഇയാൾ കടന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 50 ഓളം കളവുകേസുകളിൽ ഷാജഹാൻ പ്രതിയാണ്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി ഷാജഹാൻ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചത്. ഒക്ടോബർ 10-ന് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി പുറത്തിറങ്ങിയതായി മനസ്സിലാക്കുകയും തുടർന്ന് പോലീസ് പ്രതിയുടെ അന്തർ സംസ്ഥാനബന്ധങ്ങളെ കുറിച്ച് അന്വേഷിച്ചതിൽ പ്രതിക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഒളിസങ്കേതം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ നല്ല ചെരുവിൽ നിന്നും 28 കിലോമീറ്റർ മാറി മാവോയിസ്റ്റ് സാന്നിധ്യമുള്ള മലഞ്ചെരുവിലെ ആദിവാസി ഊരിലാണ് ഷാജഹാൻ ഒളിവിൽ കഴിഞ്ഞുവന്നത്.

മോഷ്ടിച്ച സ്വർണവും പണവും ഉപയോഗിച്ച് രാജ്യമൊട്ടാകെ കറങ്ങി ആഡംബര ജീവിതം നയിച്ചുവരുന്നതാണ് പ്രതിയുടെ രീതി. പണം തീർന്നാൽ വീണ്ടും കേരളത്തിലെത്തി മോഷണം നടത്തി അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയും. പോലീസിൻ്റെ പരമ്പരാഗതവും ആധുനികവുമായ അന്വേഷണരീതികൾ ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസി ന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. താനൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മൂസ വള്ളിക്കാടന്റെ നിർദേശപ്രകാരം കല്പകഞ്ചേരി എസ്ഐ ജലീൽ കറുത്തേടത്ത്, സിപിഒ ഹരീഷ്, താനൂർ DANSAF അംഗങ്ങളായ ജിനേഷ്, ശബറുധീൻ, അഭിമന്യു, വിപിൻ, ആൽബിൻ എന്നിവർ ചേർന്ന് ഒളിസങ്കേതത്തിൽ എത്തി അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. എഎസ്ഐ രവി, എസ് സിപിഒ ഷംസാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

Post a Comment

Previous Post Next Post