NEWS UPDATE

6/recent/ticker-posts

പരിക്കേറ്റ സൗദി ഫുട്ബാൾ താരം യാസിർ അൽ-ശഹ്റാനിയെ റിയാദിൽ ശസ്ത്രക്രിയക്ക് വിധേയമാക്കി

റിയാദ്: ചൊവ്വാഴ്ച ഖത്തറിൽ നടന്ന അര്‍ജന്റീന-സൗദി മത്സരത്തിനിടെ പരിക്ക് പറ്റിയ സൗദി താരം യാസിര്‍ അല്‍-ശഹ്‌റാനിയെ റിയാദിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍-ഉവൈസുമായുള്ള കൂട്ടിയിടിയിലാണ് താരത്തിന് പരിക്കേറ്റത്.[www.malabarflash.com]


പെനാല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ ഗോള്‍കീപ്പറുടെ കാല്‍മുട്ട് ശഹ്‌റാനിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പന്ത് ഹെഡ് ചെയ്ത് അകറ്റാനുള്ള ശ്രമത്തിനിടെയാണ് ശഹ്‌റാനി ഗോള്‍കീപ്പറുമായി കൂട്ടിയിടിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് മൈതാനത്ത് വീണ ശഹ്‌റാനിയെ സ്ട്രെച്ചറിൽ കിടത്തിയാണ് സ്‌റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്.

ശഹ്‌റാനിയുടെ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് ദോഹ ഹമദ് മെഡിക്കൽ സെന്ററിലെ എക്‌സ്‌റേ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

ആന്തരിക രക്തസ്രാവമുണ്ടെന്നും വൈദ്യപരിശോധനയില്‍ തെളിഞ്ഞു. താരത്തിനെ എത്രയും പെട്ടെന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കാന്‍ ഡോക്ടർമാർ നിര്‍ദേശിച്ചതിനെ തുടർന്നാണ് ബുധനാഴ്ച രാവിലെ റിയാദ് നാഷനൽ ഗാർഡ് ആശുപത്രിയിൽ എത്തിച്ചതും ശസ്ത്രക്രിയക്ക് വിധേയനാക്കിയതും.

ലോകകപ്പ് വേദിയില്‍ കരുത്തരായ അര്‍ജന്റീനയെ തോല്‍പ്പിച്ചായിരുന്നു സൗദി അറേബ്യയുടെ അരങ്ങേറ്റം. ചരിത്രത്തിലെ തന്നെ അട്ടിമറി ജയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സൗദിയുടെ വിജത്തില്‍ ഏറ്റവും നിര്‍ണായകമായത് ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഉവൈസിന്റെ പ്രകടനമായിരുന്നു.

Post a Comment

0 Comments