Top News

'ദൈവത്തിന്റെ കൈ' പന്തിന് 24 കോടി രൂപ

ലണ്ടൻ: മെക്സികോയിൽ 1986 ലോകകപ്പ് ക്വാർട്ടറിൽ ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ 'ദൈവത്തിന്റെ കൈ' എന്ന പേരിൽ വിവാദമായ ഗോൾ നേടിയ പന്ത് 2.5 ദശലക്ഷം പൗണ്ടിന് (ഏകദേശം 24 കോടി രൂപ) ലേലത്തിൽ വിറ്റു. മത്സരത്തിലെ മുഖ്യ റഫറിയായിരുന്ന തുനീഷ്യക്കാരൻ അലി ബിൻ നാസർ സൂക്ഷിച്ച പന്താണ് യു.കെ ആസ്ഥാനമായുള്ള ലേലക്കമ്പനി ഗ്രഹാം ബഡ് ഓക്ഷൻസ് ലേലം ചെയ്തത്.[www.malabarflash.com]


30 ലക്ഷം പൗണ്ട് വരെ വില പ്രതീക്ഷിച്ചിരുന്നു. 86 ലോകകപ്പിന്റെ ഔദ്യോഗിക പന്തായിരുന്ന അഡിഡാസ് നിർമിച്ച അസ്റ്റെക്ക പന്താണ് ലേലത്തിൽ വിറ്റത്. ഇതേ മത്സരത്തിൽ മറഡോണ ധരിച്ച ജഴ്സി ആറു മാസം മുമ്പ് വിൽപന നടത്തിയിരുന്നു. അന്നു പക്ഷേ, ലേലക്കമ്പനി വിലയിട്ടതിനെക്കാൾ രണ്ടിരട്ടി നൽകിയാണ് ഒരാൾ സ്വന്തമാക്കിയത്. 93 ലക്ഷം ഡോളർ (759 കോടി രൂപ).
ലേലത്തിൽ വിറ്റ പന്താണ് ഇംഗ്ലണ്ട്-അർജന്റീന മത്സരത്തിൽ 90 മിനിറ്റും ഉപയോഗിച്ചിരുന്നത്. 1982 ഫോക്‍ലൻഡ്സ് യുദ്ധത്തിനു പിന്നാലെയായതിനാൽ രാഷ്ട്രീയപ്രാധാന്യം കൂടിയുള്ളതായിരുന്നു മത്സരം. ആദ്യം വിവാദ ഗോളിലൂടെ മുന്നിലെത്തിയ അർജന്റീനക്കുവേണ്ടി പിന്നീട് മറഡോണ തന്നെ 'നൂറ്റാണ്ടിന്റെ ഗോൾ' നേടിയിരുന്നു. പന്തുമായി ഗോളിനരികെയെത്തിയ മറഡോണയെ തടഞ്ഞ് ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടൺ ഓടിയെത്തിയെങ്കിലും അർജന്റീനക്കായി കൈകൊണ്ട് ഗോളിലേക്ക് തട്ടിയിടുകയായിരുന്നു.
പകുതി ദൈവത്തിന്റെ കൈകൊണ്ടും പകുതി തന്റെ കൈകൊണ്ടുമാണ് ഗോൾ നേടിയതെന്നായിരുന്നു അതേക്കുറിച്ച് മറഡോണയുടെ വിശദീകരണം. താൻ പിറകിലായതിനാൽ കൃത്യമായി കാണാനായില്ലെന്നും ലൈൻ റഫറിമാർ അഭിപ്രായപ്പെട്ടതനുസരിച്ച് ഗോളനുവദിച്ചെന്നും റഫറി അലി ബിൻ നാസർ പറഞ്ഞു.

Post a Comment

Previous Post Next Post