Top News

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉമ്മ ഓടിച്ച കാറിടിച്ചു; മൂന്നരവയസുകാരിക്ക്‌ ദാരുണാന്ത്യം

കോഴിക്കോട്: കൊടുവള്ളിയില്‍ ഉമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ റഹ്മത്ത് മന്‍സിലില്‍ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്നിന്റെയും മകള്‍ മറിയം നസീര്‍ ആണ് മരിച്ചത്. [www.malabarflash.com]

മാതാവ് ലുബ്ന ഫെബിൻ കാർ ഡ്രൈവ് ചെയുന്നതിനിടെ വീട്ടുമുറ്റത്ത് വെച്ച് നിയന്ത്രണം വിട്ട് കുഞ്ഞു മറിയം ഇരുന്ന വീടിൻ്റെ പടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വരാന്തയിൽ കുട്ടി കളിക്കുന്നതിനിടയായിലാണ് അപകടം. കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു കുട്ടിയെ ഇടിക്കുകയായിരുന്നു

ലുബ്നയുടെ പിതാവും സഹോദരനും നോക്കി നിൽക്കെയായിരുന്നു ദു:ഖകരമായ സംഭവം. ഡ്രൈവിങ്ങിൽ ബ്രേക്കിന് പകരം ആക്സിലേറ്റർ കൊടുത്തു പോയതാണോ അപകടകാരണമെന്നാണ് സംശയിക്കുന്നത്. കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ മറിയത്തെ ഉടൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വീട്ടിലും മുറ്റത്തും അയൽവീട്ടിലും പാറി നടന്ന മൂന്നര വയസുകാരിയുടെ വിയോഗം വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും താങ്ങാനാവുന്നില്ല. ദു:ഖം തളം കെട്ടിയ നിലയലാണ് അപകടം നടന്ന പറക്കുന്നിലെ വീട്. മറിയത്തിൻ്റെ പിതാവ് നസീർ ഖത്തറിലാണ്. ഏക മകളുടെ ദാരുണ സംഭവമറിഞ്ഞ് നസീർ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ നസീറിന്റെ വീട്ടിൽ നിന്നും ഉമ്മയുടെ നെല്ലാങ്കണ്ടി പറക്കുന്നിലെ വീട്ടിലെത്തിയതായിരുന്നു മറിയം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശനിയാഴ്ച ഈങ്ങാപ്പുഴ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. യാരിസ് മറിയത്തിൻ്റെ സഹോദരനാണ്.

Post a Comment

Previous Post Next Post