കൊച്ചി: പഴക്കച്ചവടത്തിന്റെ മറവില്‍ ലഹരിമരുന്ന് കടത്ത് നടത്തിയ സംഭവത്തിന് പിന്നില്‍ വലിയ സാമ്പത്തിക ശക്തികളുണ്ടെന്ന് കേന്ദ്ര ഏജന്‍സികളുടെ നിഗമനം. 1476 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത കേസിലാണ് വന്‍ സാമ്പത്തിക ശക്തികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി സംശയിക്കുന്നത്.[www.malabarflash.com]
രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്നാണ് കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്രയില്‍ നടന്നത്. പഴങ്ങളുടെ മറവില്‍ കടത്തിയ 198 കിലോഗ്രാം മെത്തും (എം.ഡി.എം.എ) ഒമ്പത് കിലോ കൊക്കെയ്‌നുമാണ് ഡി.ആര്‍.ഐ. സംഘം മഹാരാഷ്ട്രയിലെ വാസിയില്‍നിന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ യമിറ്റോ ഫുഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറും എറണാകുളം കാലടി സ്വദേശിയുമായ വിജിന്‍ വര്‍ഗീസിനെ ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തിരുന്നു.
വിജിന്റെ അറസ്റ്റിന് പിന്നാലെ കാലടിയിലെ ഇയാളുടെ ഗോഡൗണിലും അയ്യമ്പുഴയിലെ വീട്ടിലും ഡി.ആര്‍.ഐ. സംഘം പരിശോധന നടത്തി. വിജിന്റെ വീട്ടില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പുകളും മൊബൈല്‍ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ഇയാളുടെ കമ്പനിയുടെ പേരില്‍ എത്തിയ കണ്ടെയ്‌നര്‍ കൊച്ചി തുറമുഖത്ത് പരിശോധിച്ചെങ്കിലും ഇതില്‍നിന്ന് ഒന്നും കണ്ടെടുക്കാനായില്ല.
മഹാരാഷ്ട്രയിലെ വന്‍ ലഹരിവേട്ടയ്ക്ക് പിന്നാലെ വിജിന്റെ ഉടമസ്ഥതയിലുള്ള കാലടിയിലെ സ്ഥാപനങ്ങളില്‍ എക്‌സൈസും ബുധനാഴ്ച പരിശോധന നടത്തി. നിരവധി പെട്ടികളിലായാണ് ഇവിടെ പഴവര്‍ഗങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതെല്ലാം എക്‌സൈസ് സംഘം വിശദമായി പരിശോധിച്ചു.
ഒന്നരമാസം മുമ്പാണ് കാലടിയില്‍ ശീതികരണ സംവിധാനമുള്ള ഗോഡൗണിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് വിവരം. ഇവിടെനിന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ് പഴങ്ങള്‍ വിതരണം ചെയ്തിരുന്നത്. ഇതിന്റെ വിവരങ്ങളും മറ്റു ഇടപാടുകളുടെ രേഖകളും പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്.
മുംബൈ കേന്ദ്രീകരിച്ചായിരുന്നു വിജിന്‍ വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം. മുംബൈയിലും കാലടിയിലും യുഎഇയിലും കമ്പനിക്ക് ഓഫീസുകളുണ്ടെന്നാണ് ഇവരുടെ വെബ്‌സൈറ്റിലെ അവകാശവാദം. ദക്ഷിണാഫ്രിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നാണ് ഇവര്‍ പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പഴവര്‍ഗങ്ങളുടെ ചിത്രങ്ങളും മറ്റുവിവരങ്ങളും വിജിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, വിജിനൊപ്പം മന്‍സൂര്‍ തച്ചാംപറമ്പില്‍ എന്നയാള്‍ക്കും ലഹരിക്കടത്തില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കോവിഡ് കാലത്താണ് വിജിനും മന്‍സൂറും പരിചയത്തിലാകുന്നത്. ദുബായിലേക്ക് മാസ്‌ക് കയറ്റി അയക്കുന്നതായിരുന്നു ഇവരുടെ ആദ്യ ബിസിനസ്. പിന്നാലെ പഴവര്‍ഗങ്ങളുടെ ഇറക്കുമതി ആരംഭിച്ചു. ഇതിന്റെ മറവിലാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
0 Comments