NEWS UPDATE

6/recent/ticker-posts

ഇലന്തൂര്‍ നരബലി: മൃതദേഹം കഷണങ്ങളാക്കി പാകം ചെയ്ത് ഭക്ഷിച്ചു

തിരുവല്ല: നരബലി നടത്തി കൊലപ്പെടുത്തിയ സ്ത്രീകളുടെ മൃതദേഹം കഷണങ്ങളാക്കി പാകം ചെയ്തു കഴിച്ചുവെന്ന് പ്രതികളിലൊരാളായ ലൈല പോലീസിനോട്. കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കുന്ന ഷാഫിയുടെ നിര്‍ദേശം പ്രകാരം 'ആയൂരാരോഗ്യത്തിന്' വേണ്ടിയാണ് മാംസം പാകം ചെയ്തു കഴിച്ചതെന്നാണ് ലൈല പോലീസിനോട് പറഞ്ഞത്.[www.malabarflash.com]

ഇന്നലെ പ്രതികളെ കൊലപാതകം നടത്തിയ വീട്ടില്‍ എത്തിച്ചു തെളിവെടുക്കുമ്പോള്‍ ആയിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്നും പോലീസ് പറയുന്നു. ഈ സ്വഭാവമാണ് കൊലയിലേക്ക് നയിച്ചത്. പൊന്നുരുന്നി സ്വദേശിയായ പത്മയെ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്താനാണ് ശ്രമിച്ചത്. പിന്നീട് ബോധം വന്നപ്പോള്‍ ലൈല തന്നെ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ഷാഫിയും പത്മയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്‍കൂറായി പണം നല്‍കിയാല്‍ മാത്രമേ നീല ചിത്രത്തില്‍ അഭിനയിക്കുകയുള്ളൂവെന്ന് പത്മ പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമെന്നും ലൈല മൊഴി നല്‍കിയതായി പോലീസ് അറിയിക്കുന്നത്. ഭഗവല്‍ സിംഗ് ഉള്‍പ്പെടെ മൂന്ന് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്ത് ദിവസത്തേക്ക് കസ്റ്റഡി അപേക്ഷ നല്‍കാനാണ് പോലീസ് തീരുമാനം. പ്രധാനമായും ഷാഫിയെ കേന്ദ്രീകരിച്ച് ചോദ്യം ചെയ്യല്‍ നടത്താനാണ് പോലീസിന്റെ തീരുമാനം.

കൊല്ലപ്പെട്ട റോസ്ലിയുടേയും പത്മത്തിന്റേയും മൃതദേഹം ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ നിന്നും ഇന്നലെ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് കൊച്ചി ഡിസിപി പറഞ്ഞു.

തമിഴ്നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബര്‍ 26നാണ് കാണാതാകുന്നത്. തമിഴ്നാട് സ്വദേശിയായ ഇവര്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. 

ജൂണ്‍ ആറിനാണ് റോസ്ലിയെ കാണാതാകുന്നത്. ആഗസ്റ്റ് 17ന് പോലീസില്‍ മകള്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 26ന് പത്മത്തെ കാണാതായി. പത്മവുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഏജന്റ് റഷീദിലേക്ക് എത്തിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെയാണ് നരബലിയുടെ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

Post a Comment

0 Comments