NEWS UPDATE

6/recent/ticker-posts

നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് സാമൂഹിക സേവനം നിര്‍ബന്ധമാക്കും

തിരുവനന്തപുരം: ഗുരുതരമായ വാഹനാപകടങ്ങളിൽ പ്രതികൾ ആവുകയും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് ട്രോമ കെയർ, പാലിയേറ്റീവ് കെയർ സെന്‍ററുകളിൽ മൂന്ന് ദിവസത്തിൽ കുറയാത്ത നിർബന്ധിത സാമൂഹിക സേവനം ഏര്‍‌പ്പെടുത്താന്‍ തീരുമാനം. 

ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 

ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമേ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ (ഐ.ഡി.ടി.ആർ) മൂന്ന് ദിവസത്തെ പരിശീലനവും നിർബന്ധമാക്കും. ആദ്യ ഘട്ടത്തിൽ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍, റൂട്ടുകളിൽ ഓടുന്ന സ്റ്റേജ് കാര്യേജുകൾ, ചരക്ക് വണ്ടികൾ എന്നിവയുടെ ഡ്രൈവർമാരെയാണ് ഇത്തരം സേവന പരിശീലന പരിപാടിയുടെ പരിധിയിൽ ഉൾപ്പെടുത്തുക. 

 അനധികൃതമായി ഹോൺ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. അപകടകരമായ ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കും. 

കരാർ, സ്റ്റേജ് കാര്യേജ് നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഒക്ടോബർ 8ന് ആരംഭിച്ച 'ഫോക്കസ് -3' സ്പെഷ്യൽ ഡ്രൈവിൽ ഒക്ടോബർ 12 വരെ 253 വാഹനങ്ങൾ രൂപമാറ്റം വരുത്തിയതായും 414 വാഹനങ്ങൾ സ്പീഡ് ഗവർണറുകളിൽ കൃത്രിമം കാണിച്ചതായും 2,792 വാഹനങ്ങളിൽ അനധികൃത ലൈറ്റുകൾ ഘടിപ്പിച്ചതായും കണ്ടെത്തി 75,73,020 രൂപ പിഴ ഈടാക്കി. 

ശബ്ദ-വായു മലിനീകരണം ഉൾപ്പെടെ 4472 കേസുകൾ രജിസ്റ്റർ ചെയ്തു. 263 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ, ഏഴ് വാഹനങ്ങളുടെ രജിസ്ട്രേഷൻ, 108 ഡ്രൈവർമാരുടെ ലൈസൻസ് എന്നിവ റദ്ദാക്കി. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് ഐ.പി.എസ്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments