NEWS UPDATE

6/recent/ticker-posts

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുടക്കം; കേരളത്തിനുള്ള ഓണസമ്മാനമെന്ന് മോദി

കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ട വികസനം രാജ്യത്തിന്റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ കൊച്ചി മെട്രോയുടെയും റെയിൽവേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ കേരളത്തിനുള്ള ഓണസമ്മാനമാണെന്നും മോദി പറഞ്ഞു.[www.malabarflash.com]


അടുത്ത 25 വർഷത്തിൽ വിപുലമായ വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കാൻ പോകുന്നത്. കേരളത്തിലും ആധുനിക വികസനത്തിന്റെ ഘട്ടം ആരംഭിക്കുന്നു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെ എത്തുമ്പോൾ യുവാക്കൾക്കും പ്രഫഷണലുകൾക്കും ഏറെ ഗുണകരമാകും. മൾട്ടി മോഡൽ കണക്ടിവിറ്റി സംവിധാനമാണ് കൊച്ചിയിൽ നടപ്പാകുക. ഇതിനായി യൂണിഫൈഡ് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ടേഷൻ അതോറിറ്റിക്ക് കീഴിൽ വിവിധ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയുന്നതോടൊപ്പം മലിനീകരണവും കുറയ്ക്കുകയാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ എട്ട് വർഷമായി നഗര ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. കഴിഞ്ഞ എട്ട് വർഷത്തിൽ 500 കിലോമീറ്ററിലധികം മെട്രോ റെയിൽ റൂട്ട് നിർമിക്കാൻ കഴിഞ്ഞു. 1,000 കിലോമീറ്റർ ദൂരം നിർമാണം പുരോഗമിക്കുകയാണ്. റെയിൽവേയും സമഗ്രവികസനത്തിന്റെ പാതയിലാണ്. റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവളങ്ങൾക്കു സമാനമായ രീതിയിൽ വികസിപ്പിക്കുകയാണ്. കേരളത്തിന്റെ റെയിൽ കണക്ടിവിറ്റിയിൽ പുതിയ നാഴികക്കല്ല് സൃഷ്ടിക്കപ്പെടുന്നു.

തിരുവനന്തപുരം മുതൽ മംഗലാപുരം വരെ ഇരട്ടപ്പാതയാകുന്നതോടെ സാധാരണ യാത്രക്കാർക്കും തീർഥാടകർക്കും ഏറെ ഗുണകരമാകും. ഏറ്റുമാനൂർ - ചിങ്ങവനം - കോട്ടയം പാത ഇരട്ടിപ്പിക്കൽ പൂർത്തിയായത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകർക്ക് വലിയ ആശ്വാസമാകും. കൊല്ലം - പുനലൂർ പാത വൈദ്യുതീകരണം പൂർത്തിയായത് വഴി മലിനീകരണം കുറയുകയും വേഗം കൂടിയ ട്രെയിൻ ലഭിക്കുകയും ചെയ്യും. ഗതാഗത സംവിധാനങ്ങൾ വിപുലമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കും.

സംരംഭക വികസനത്തിനായി 70,000 കോടി രൂപയാണ് മുദ്ര വായ്പയായി കേരളത്തിൽ നൽകിയത്. ഇതിൽ അധികവും ടൂറിസം മേഖലയിൽ നിന്നുള്ള സംരംഭങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിൽ നടക്കുന്നത്. ദേശീയപാത–66ന്റെ വികസനത്തിനായി 55,000 കോടിയാണ് ചെലവിടുന്നത്. കേരളത്തിന്റെ ലൈഫ് ലൈൻ എന്നു പറയാവുന്ന പദ്ധതിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് ഉപഹാരം നൽകി. കൊച്ചി മെട്രോയുടെയും റെയിൽവേയുടെയും 4,500 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം, ഒന്നാം ഘട്ടത്തിലെ പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെയുള്ള മെട്രോ സർവീസിന്റെ ഉദ്ഘാടനം എന്നിവ പ്രധാനമന്ത്രി നിർവഹിച്ചു. എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളുടെയും കൊല്ലം സ്റ്റേഷന്റെയും നവീകരണവും ഉദ്ഘാടനം ചെയ്തു. കുറുപ്പന്തറ - കോട്ടയം - ചിങ്ങവനം പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും, കൊല്ലം - പുനലൂർ പാത വൈദ്യുതീകരണം എന്നിവ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.

കോട്ടയത്തുനിന്നും എറണാകുളത്തേക്കുള്ള സ്പെഷൽ ടെയിൻ, കൊല്ലത്തുനിന്നും പുനലൂരിലേക്കുള്ള സ്പെഷൽ ട്രെയിൻ എന്നിവയുടെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിച്ചു. മലയാളികൾക്ക് പ്രധാനമന്ത്രി ഓണാശംസകൾ നേർന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി.രാജീവ്, ആന്റണി രാജു, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ.ബാബു, അൻവർ സാദത്ത്, ഉമാ തോമസ്, കൊച്ചി മേയർ എം.അനിൽ കുമാർ, കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ, ജില്ലാ കലക്ടർ ഡോ.രേണു രാജ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments