NEWS UPDATE

6/recent/ticker-posts

ബാഗേപ്പളളിയിൽ കൂറ്റൻ സിപിഎം പ്രകടനം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബംഗളുരു: കർണാടകയിൽ വർഗീയധ്രുവീകരണം രൂക്ഷമാക്കാൻ ഹിജാബ് ഉപയോഗിക്കുകയും അധികാരികൾ അതിനു കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടകത്തിലെ ബാഗേപ്പള്ളിയിൽ സിപിഎം റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.[www.malabarflash.com]

ഉഡുപ്പിയിലും മംഗളൂരുവിലും മുസ്ലിം വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് ഇറക്കിവിടുന്ന സ്ഥിതിയുമുണ്ടായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വര്‍ഗീയതയെ ആദര്‍ശമാക്കി മാറ്റാന്‍ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം തിരുത്താനും പലഭാഗങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ട്. 'പുരോഗമന പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് കര്‍ണാടക.വര്‍ഗീയത കര്‍ണാടകയുടെ പാരമ്പര്യത്തിന് മങ്ങലേല്‍പ്പിക്കുകയാണ്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളാണ് ചരിത്രത്തെ പിറകോട്ടടിപ്പിക്കുന്നത്. സംഘപരിവാര്‍ ഭാവിതലമുറയെയാണ് ലക്ഷ്യം വയ്ക്കുന്നത്'- പിണറായി പറഞ്ഞു.

മുസ്ലീം മതവിഭാഗങ്ങളെക്കുറിച്ച് ഭീതി പരത്തുന്ന സ്ഥിതിവിശേഷമാണ് നാട്ടിലുള്ളതെന്ന് പിണറായി പറഞ്ഞു. ഇതിന് അനുസരണമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ തകര്‍ക്കുകയാണ്. ഇതിനായി ജനാധിപത്യത്തിന്റെ മൂടുപടം അണിയുന്നു. ദേശീയതയെന്നാല്‍ ഹിന്ദുത്വ ദേശീയതയാണെന്ന് സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനുള്ള മറുപടി ഇടതുപക്ഷമാണെന്നുള്ള ഉറച്ച പ്രഖ്യാപനമായിരുന്നു കർണ്ണാടകയിലെ ബാഗേപ്പള്ളിയിൽ ഇന്ന് നടന്ന സിപിഎം രാഷ്ട്രീയ കൺവെൻഷനെന്ന് പിണറായി വിജയൻ പിന്നീട് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കാൻ അലയടിച്ചെത്തിയ ജനസാഗരം മൂന്നു തവണ സിപിഎം നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ബാഗേപ്പള്ളിയിലെ ഇടതുരാഷ്ട്രീയ അടിത്തറയുടെ കരുത്ത് എന്തെന്ന് തെളിയിച്ചു.

ദക്ഷിണേന്ത്യയിലെ സംഘപരിവാറിന്റെ വർഗ്ഗീയ രാഷ്ട്രീയ പരീക്ഷണശാലയാണ് കർണാടക. പാഠപുസ്തകങ്ങളുടെ കാവി വൽക്കരണത്തിൽ തുടങ്ങി സമസ്ത മേഖലയിലും സംഘപരിവാർ പിടിമുറുക്കാൻ ശ്രമിക്കുകയാണ്. സംഘപരിവാറിനെ എതിരിടാൻ കർണാടകയിലെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സിന് കഴിയുന്നില്ല. രാജ്യത്താകെ ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജൻസിപ്പണിയാണ് ഇന്നവർ ചെയ്യുന്നത്. നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ കോൺഗ്രസ്സും ബിജെപിയും ഒരേ തൂവൽപ്പക്ഷികളുമാണെന്നും പിണറായി പറഞ്ഞു.

മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച ജനപക്ഷ രാഷ്ട്രീയമുള്ള ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രമേ സംഘപരിവാരത്തിനെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്ന് പിണറായി വിജയൻ പറഞ്ഞു. അതിനായി പാർട്ടിയെ സംഘടനാതലത്തിലും പാർലമെൻററി രംഗത്തും ശക്തിപ്പെടുത്തണമെന്ന ആഹ്വാനമാണ് ബാഗേപ്പള്ളിയിൽ ഉയർന്നത്. ജനങ്ങളുടെ ആവേശം അനീതികൾക്കും അസമത്വത്തിനുമെതിരെ സിപിഐഎം രാജ്യമാകെ നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments