NEWS UPDATE

6/recent/ticker-posts

5000-ത്തിലധികം കാറുകള്‍ മോഷ്ടിച്ചു, കൊലപാതക പരമ്പര, ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ന്യൂഡല്‍ഹി: 5000ലധികം കാറുകള്‍ മോഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ മോഷ്ടാവെന്ന് കുപ്രസിദ്ധിയാര്‍ജിച്ച അനില്‍ ചൗഹാന്‍ പിടിയിലായി. ഡല്‍ഹി, മുംബൈ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വസ്തു വകകളുള്ള ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.[www.malabarflash.com]


52-കാരനായ അനില്‍ ചൗഹാന്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്ടാവാണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ അയ്യായിരത്തിലധികം കാറുകളാണ് മോഷ്ടിച്ചിട്ടുള്ളത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് ദേശ് ബന്ധു ഗുപ്ത റോഡ് ഏരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഒരു കാലത്ത് വാഹന മോഷണത്തില്‍ പ്രസിദ്ധനായിരുന്ന അനില്‍ ചൗഹാന്‍ ഇപ്പോള്‍ ആയുധക്കടത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് ആയുധങ്ങള്‍ കൊണ്ടുവന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകള്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.

ഡല്‍ഹിയിലെ ഖാന്‍പൂര്‍ പ്രദേശത്ത് താമസിച്ചുകൊണ്ടിരിക്കെ ഓട്ടോറിക്ഷാ ഡ്രൈവറായിയിരിക്കുമ്പോള്‍ 1995-മുതലാണ് കാറ് മോഷണത്തിലേക്ക് തിരിഞ്ഞത്.

ആ കാലയളവില്‍ ഏറ്റവും കൂടുതല്‍ മാരുതി 800 കാറുകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ കുപ്രസിദ്ധനാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാള്‍, ജമ്മു കശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കായിരുന്നു അയച്ചിരുന്നത്.

മോഷണത്തിനിടെ നിരവധി ടാക്‌സി ഡ്രൈവര്‍മാരേയും ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ ഡല്‍ഹിയില്‍ നിന്ന് അസമിലേക്ക് താമസം മാറിയിരുന്നു. ഇക്കാലയളവില്‍ മുംബൈ,ഡല്‍ഹി, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നിരവധി സ്വത്തുവകകള്‍ വാങ്ങികൂട്ടിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിവരുന്നുണ്ട്.

അനില്‍ ചൗഹന്‍ പലതവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്. 2015-ല്‍ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കൊപ്പം അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചു. ഇതേ തുടര്‍ന്ന് 2020-ലാണ് ജയില്‍ മോചിതനായത്. 180 ഓളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

മൂന്ന് ഭാര്യമാരും ഏഴ് മക്കളും അനിലിനുണ്ടെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. അസമില്‍ സര്‍ക്കാര്‍ കരാറുകാരനായി അവിടുത്തെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സൃഷ്ടിച്ചിരുന്നു. ആറു തോക്കുകളും വെടിയുണ്ടകളും പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Post a Comment

0 Comments