Top News

രണ്ട് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊന്ന് തോട്ടിൽ തള്ളി; നാലുപേർ അറസ്റ്റിൽ

കൊൽക്കത്ത: രണ്ടാഴ്ച മുമ്പ് അജ്ഞാതർ തട്ടിക്കൊണ്ടുപോയ രണ്ട് സ്കൂൾ വിദ്യാർഥികളെ ​​കൊല്ലപ്പെട്ട നിലയിൽ തോട്ടിൽ ​കണ്ടെത്തി. ആഗസ്റ്റ് 22 ന് കൊൽക്കത്തയിലെ ബാഗിഹാട്ടിയിൽ നിന്ന് കാണാതായ അതനു ഡേ, അഭിഷേക് നസ്കർ എന്നിവരെയാണ് കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ സൗത്ത് 24 പർഗാനാസിലെ ബസന്തിയിൽ റോഡരികിലെ കനാലിൽ കണ്ടെത്തിയത്.[www.malabarflash.com]


കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. അഭിജിത് ബോസ് (25), സമീം അലി (20), സാഹിൽ മൊല്ല (20), ദിബ്യേന്ദു ദാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതിയും അതനു ഡേയുടെ കുടുംബ സുഹൃത്തുമായ സത്യേന്ദ്ര ചൗധരിയും കൂട്ടാളിയും ഒളിവിലാണ്.

വിദ്യാർഥികളെ കൊലപ്പെടുത്തിയ ശേഷം കുടുംബാംഗങ്ങളോട് പ്രതികൾ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ബൈക്ക് വാങ്ങാൻ കൊല്ലപ്പെട്ട വിദ്യാർഥികൾ സത്യേന്ദ്ര ചൗധരിയിൽനിന്ന് 50,000 രൂപ വാങ്ങിയിരുന്നതായും ഇതേച്ചൊല്ലിയുള്ള തർക്കമാണ് ​കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ആഗസ്റ്റ് 22ന് അതനുവിനെ ഫോൺ വിളിച്ച് ചൗധരി വാഹനത്തിൽ കയറ്റി ​കൊണ്ടുപോകുകയായിരുന്നു.

കാറിൽ വച്ച് രണ്ട് പേരെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പ്രതികളിൽ ഒരാൾ സമ്മതിച്ചതായി ബിധാനഗർ പോലീസ് കമ്മീഷണർ ബിശ്വജിത് ഘോഷ് പറഞ്ഞു. പിന്നീട് മൃതദേഹങ്ങൾ കനാലിൽ തള്ളുകയായിരുന്നു. സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടതിനാൽ പോലീസ് ശ്രദ്ധാപൂർവം അന്വേഷണവുമായി മുന്നോട്ടുപോവുകയായിരുന്നുവെന്ന് ബിശ്വജിത് ഘോഷ് പറഞ്ഞു. പക്ഷേ, കൊലപ്പെടുത്തിയ ശേഷമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട​തെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

"അതനുവിനെ ലക്ഷ്യമിട്ടാണ് പ്രതികൾ പദ്ധതി പ്ലാൻ ചെയ്തത്. അതിനിടെ അഭിഷേക് ആകസ്മികമായി അതനുവിനൊപ്പം വതികയായിരുന്നു. തെളിവ് നശിപ്പിക്കാനാണ് അഭിഷേകിനെ കൊലപ്പെടുത്തിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം വിദ്യാർഥികളുടെ കുടുംബത്തിന് സന്ദേശങ്ങൾ അയച്ചിരുന്നു. കൊലപാതകം നടത്തിയ ശേഷമാണ് ഈ സന്ദേശങ്ങ​ളെല്ലാം അയച്ചത്' -അദ്ദേഹം പറഞ്ഞു.

കൊലപാതക വിവരമറിഞ്ഞ് രോഷാകുലരായ നാട്ടുകാർ പ്രധാന പ്രതി സത്യേന്ദ്ര ചൗധരിയുടെ വീട് ആക്രമിച്ച് കൊള്ളയടിച്ചു. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. വിഷയത്തിൽ ബംഗാൾ വനിതാ ശിശുക്ഷേമ മന്ത്രി ശശി പഞ്ച ജില്ലാ മജിസ്‌ട്രേറ്റിനോടും പ്രദേശത്തെ പോലീസ് സൂപ്രണ്ടിനോടും അടിയന്തര റിപ്പോർട്ട് തേടി.

Post a Comment

Previous Post Next Post