NEWS UPDATE

6/recent/ticker-posts

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടും പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ്; 106 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമെമ്പാടും പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറിടങ്ങളില്‍ ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്.[www.malabarflash.com]

ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിയിലേക്ക് കൊണ്ടു പോയി.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ, ദേശീയ പ്രസിഡന്റ് ഒഎംഎ സലാം, ‌ദേശീയ സെക്രട്ടറി വാഴക്കാട് സ്വദേശി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് ബഷീർ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദ്, മുണ്ടക്കയം സ്വദേശി നജിമുദ്ദീൻ, കോഴിക്കോട് സ്വദേശി പി. കോയ, ദേശീയ വൈസ് പ്രസിഡണ്ട് കളമശേരി സ്വദേശി അബ്ദുൽ റഹ്മാൻ കളമശ്ശേരി എന്നിവരാണ് കസ്റ്റഡിയിലുള്ള പ്രമുഖ നേതാക്കൾ. കൂടാതെ തമിഴ്നാട് സ്വദേശി മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിദ് എന്നിവരെ കോട്ടയത്തു നിന്നും പിടികൂടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പുലർച്ചെ 4.30 നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി) എന്നീ കേന്ദ്ര ഏജൻസികൾ റെയ്‌ഡ് ആരംഭിച്ചത്. സംസ്ഥാന കമ്മിറ്റി ഓഫിസിലെ മുൻ അക്കൗണ്ടന്റും കസ്റ്റഡിയിലാണ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറിയും തൃശൂരിൽ കസ്റ്റഡിയിലായി. എസ്‌ഡിപിഐ ജില്ലാ നേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയിൽ എൻഐഎ കസ്റ്റഡിയിലെടുത്തു. എസ്‌ഡിപിഐ യുടെ കരുനാഗപ്പള്ളി പുതിയകാവിലെ ഓഫിസിലും കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫിന്റെ അഞ്ചലിലെ വീട്ടിലും എൻഐഎ റെയ്‌ഡ് നടത്തി. പോപ്പുലർ ഫ്രണ്ട് ഓഫിസിലെ റെയ്ഡിൽ പ്രതിഷേധിച്ച് അടൂരിൽ പ്രവർത്തകർ പ്രകടനം നടത്തി.

രാജ്യവ്യാപകമായി ഇത്തരത്തിലുള്ള നീക്കം നടക്കുന്നത് ആദ്യമായാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാംപുകൾ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേർക്കൽ, രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾക്കായി ധനശേഖരണം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് റെയ്‌ഡെന്നാണ് വിവരമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെ‌യ്തു. കേരളം കൂടാതെ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ റെയ്‌ഡ് നടത്തുന്നുണ്ട്.

തമിഴ്‌നാട്ടില്‍ ചെന്നൈയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും കോയമ്പത്തൂര്‍, കടലൂര്‍, തെങ്കാശി, തേനി തുടങ്ങിയ ഇടങ്ങളിലെ ഓഫിസുകളിലും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലുമാണ് റെയ്‌ഡ്. മഹാരാഷ്‌ട്ര (20), കർണാടക(20), തമിഴ്‍നാട് (11), അസം (9), ഉത്തർപ്രദേശ്(8), ആന്ധ്രപ്രദേശ് (5), മധ്യപ്രദേശ് (4), ഡൽഹി (3), പുതുച്ചേരി( 2), രാജസ്ഥാൻ (2) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ എണ്ണം.

കസ്റ്റഡിയിലുള്ള പത്തുപേരെ എങ്കിലും കടവന്ത്രയിലെ എൻഐഎ ഓഫിസിൽ എത്തിച്ചു ചോദ്യം ചെയ്യുന്നുണ്ട്. ഉയർന്ന എൻഐഎ ഉദ്യോഗസ്ഥർ ഉൾപ്പടെ ഓഫിസിൽ എത്തിയിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്ന് കസ്റ്റഡിയിലെടുത്ത ചിലരെയും ഡൽഹിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഡൽഹിയിലും തിരുവനന്തപുരത്തും റജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് പരിശോധന. കേരളത്തിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകൾക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി അൻപതിലധികം സ്ഥലങ്ങളിൽ റെയ്‌ഡ് തുടരുകയാണ്.

കേന്ദ്ര സേനയുടെ സുരക്ഷയോടെയാണ് റെയ്‌ഡ്. നേതാക്കളുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിൽനിന്ന് പെൻഡ്രൈവ് പിടിച്ചെടുത്തു. കോട്ടയം ജില്ലയിൽ മുണ്ടക്കയത്തും പെരുവന്താനത്തും റെയ്‌ഡ് നടന്നു.

Post a Comment

0 Comments