Top News

കര്‍ഷകദിനാചരണത്തിന് എത്തിയില്ല, അന്വേഷിച്ചപ്പോള്‍ കൃഷി ഓഫീസര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍

കട്ടപ്പന: കട്ടപ്പന കൃഷിഭവനിലെ ഓഫീസര്‍ തിരുവനന്തപുരം വെള്ളായണി ഇക്താര എം.ജെ. അനുരൂപ് (32)നെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് അനുരൂപ് താമസിക്കുന്ന ഇടുക്കി കവലയിലെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]


രാവിലെ കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണം മുനിസിപ്പല്‍ ഹാളില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പ്രധാന സംഘാടകനായ കൃഷി ഓഫീസര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തര്‍ അന്വേഷണം നടത്തിയെങ്കിലും എവിടെയാണെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. 

ഉച്ചയോടെ കൃഷി ഓഫീസറെ കാണാനില്ലെന്ന് സഹപ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളില്‍നിന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികെനിന്നു ആത്മഹത്യക്കുറിപ്പും കണ്ടെത്തി. മൊബൈല്‍ ഫോണില്‍നിന്നു അവസാനമായി വിളിച്ചത് ഭാര്യയെയാണെന്നു സൂചനയുണ്ട്. മാരക കീടനാശിനിയുടെ കുപ്പിയും പോലീസ് വീടിനുള്ളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

സ്വകാര്യബാങ്കിലെ മാനേജരായിരുന്ന അനുരൂപ് ഏതാനും നാളുകള്‍ക്ക് മുന്‍പാണ് കൃഷി ഓഫീസറായി ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. ഡേറയാണ് ഭാര്യ. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post