NEWS UPDATE

6/recent/ticker-posts

ഓൺലൈൻ തുടർ പഠനം ഒരുക്കാമെന്ന് യുക്രെയ‍്‍ൻ; പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രി

ദില്ലി: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റ് മാര്‍ഗങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായും എസ്.ജയശങ്കര്‍ അറിയിച്ചു.[www.malabarflash.com]


യുദ്ധത്തെ തുടർന്ന് പഠനം പാതിവഴിയിൽ നിർത്തി നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനം. തുടർ പഠനം അനിശ്ചിതാവസ്ഥയിൽ ആയതോടെ വിദ്യാർത്ഥികൾ ആശങ്കയിലായിരുന്നു. യുക്രെയ്നിൽ പഠനം തുടരാനാകുമോ എന്നതിലും വ്യക്തത വന്നിരുന്നില്ല. സെപ്തംബറിലാണ് അടുത്ത അധ്യയന വർഷം തുടങ്ങുക. ഈ സമയത്ത് യുക്രെയ്നിലേക്ക് തിരികെ പോകാനാകാത്ത അവസ്ഥയിലായിരുന്നു വിദ്യാർത്ഥികൾ. യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അവിടേക്ക് പോകാനാകാത്ത അവസ്ഥയിലായിരുന്നു വിദ്യാർഥികൾ.

ഓൺലൈൻ പഠന സൗകര്യമൊരുക്കാമെന്ന യുക്രെയ്ന്റെ വാഗ്‍ദാനം പ്രതീക്ഷ ഏകുന്നുണ്ടെങ്കിലും ക്ലിനിക്കൽ പരിശീലനം എങ്ങനെ പൂർത്തിയാക്കും എന്നതിൽ ആശങ്ക ബാക്കിയാണ്. സെപ്തംബറിൽ അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ ഫീസ് അടക്കേണ്ട സാഹചര്യവും വിദ്യാർത്ഥികൾക്ക് മുന്നിലുണ്ട്. പഠനത്തിനായി തിരികെ പോകാനാകുമോ എന്നതിൽ വ്യക്തത വരുത്താതെ ലക്ഷങ്ങൾ എങ്ങനെ ഫീസ് നൽകുമെന്നതും വിദ്യാർത്ഥികളെ കുഴക്കുന്നുണ്ട്.

യുക്രെയ‍്‍നിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് റഷ്യയിൽ തുടർ പഠനത്തിന് സാഹചര്യമൊരുക്കാനുള്ള ശ്രമം നടത്തുമെന്ന് റഷ്യൻ കൾച്ചറൽ സെന്‍റർ അറിയിച്ചിരുന്നു. എന്നാൽ യുക്രെയ്ൻ ടിസി നൽകാൻ തയ്യാറാകാതെ വന്നതോടെ ഈ നീക്കവും വിജയിച്ചില്ല. 

പഠനം പ്രതിസന്ധിയിലായവരിൽ കേരളത്തിൽ നിന്നുള്ള 3,687 വിദ്യാർത്ഥികളും ഉണ്ട്. ഇവരുടെ കാര്യങ്ങൾക്കായി സംസ്ഥാന ബജറ്റിൽ 10 കോടി അനുവദിച്ചെങ്കിലും വിനിയോഗിക്കാനായിട്ടില്ല. ഇന്ത്യയിലെ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകണമെന്നാണ് യുക്രെയ‍്‍നിൽ നിന്ന് തിരികെ എത്തിയ വിദ്യാർഥികളുടെ ആവശ്യം, പ്രായോഗിക പരിശീലനം അനുവദിക്കണമെന്നും ആവശ്യം ഉണ്ട്. എന്നാൽ നിലവിലെ നിയമങ്ങൾ അനുസരിച്ച് അത് നടക്കാനും സാധ്യതയില്ല.

Post a Comment

0 Comments