Top News

നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് വധം: പ്രതികളെ സഹായിച്ച മുൻ പോലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി

മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരിൽ തടവിൽ പാർപ്പിച്ചു കൊലപ്പെടുത്തി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി. കേസിൽ ഷൈബിൻ അഷ്റഫിന്റെ സഹായി റിട്ടയേർഡ് എസ് ഐ സുന്ദരൻ സുകുമാരനാണ് കീഴടങ്ങിയത്. തൊടുപുഴ മുട്ടം കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്.[www.malabarflash.com]


കേസന്വേഷണത്തിന്റെ ഭാഗമായി ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തും. കുന്ദമംഗലം സ്വദേശിയായ ഹാരിസിന്റെ മരണം കൊലപാതമെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്താൻ നിലമ്പൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി നൽകി.

ഷാബാഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ 3177 പേജുള്ള കുറ്റപത്രം ആണ് സമർപ്പിച്ചത്. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ്‌ ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിരുന്നത്. സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പോലീസ് പ്രതീക്ഷ.

കവർച്ചാ കേസിലെ പ്രതികൾ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുമ്പിൽ നടത്തിയ ആത്മഹത്യ ഭീഷണിയിൽ നിന്നാണ് കേരളം ഞെട്ടിയ കൊലപാതക കേസിലേക്ക് വഴിതുറക്കുന്നത്. മൂലക്കുരുവിന് ഒറ്റമൂലി ചികിത്സ നടത്തിയിരുന്ന ഷാബാ ഷെരീഫിനെ ചികിത്സാ രഹസ്യം മനസിലാക്കാൻ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വരികയായിരുന്നു. പിന്നീട് 15 മാസത്തോളം നിലമ്പൂരിൽ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ തടവിൽ പാർപ്പിച്ചു. പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നാണ് കേസ്. മെയ് എട്ടിനാണ് കേസ് എടുത്തത്. 89ാം ദിവസം കുറ്റപത്രം നൽകി.

ഷൈബിൻ അഷ്‌റഫിന്റെ കുളിമുറിയിലെ പൈപ്പ്, നവീകരിച്ച കുളിമുറിയിൽ നിന്ന് നീക്കം ചെയ്ത ടൈൽ, മണ്ണ്, സിമെന്റ് എന്നിവയിൽ നിന്നുമായി ലഭിച്ച രക്തക്കറ, മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽ നിന്ന് ലഭിച്ച മുടി തുടങ്ങിയവയാണ് പോലീസ് കണ്ടെത്തിയ തെളിവുകൾ. മൃതദേഹ ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളിലും വലയി പ്രതീക്ഷ വെച്ചുപുലർത്തുകയാണ് പോലീസ്.

എന്നാൽ ഡിഎൻഎ പരിശോധന ഫലം കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടില്ല. ഇത് അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ നൽകാനാണ് പോലീസ് തീരുമാനം. ഷാബാ ഷെരീഫിനെ തടവിലിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ദൃശ്യങ്ങളടങ്ങിയ പെൻ ഡ്രൈവും പോലീസ് ഫൊറൻസിക് സംഘത്തിന് കൈമാറി. ഇതിലെ കുറേ ദൃശ്യങ്ങൾ നീക്കം ചെയ്യപ്പെട്ട നിലയിലാണ്. 

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും തട്ടിക്കൊണ്ട് വന്നവരും സഹായിച്ചവരും ഉൾപ്പെടെ 12 പേരെയാണ് അറസ്റ്റു ചെയ്തത്. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യക്കെതിരെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയത്. സുന്ദരൻ ഒഴികെ ഇനി രണ്ട് പേർ കൂടി പോലീസ് പിടിയിലാകാനുണ്ട്.

Post a Comment

Previous Post Next Post