Top News

പാലക്കുന്ന് ക്ഷേത്രത്തിൽ ചിങ്ങ സംക്രമത്തിൽ നന്ദാർ ദീപത്തിന് തിരി തെളിഞ്ഞു

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നന്ദാർ ദീപത്തിന് തിരിതെളിഞ്ഞു. കർക്കടകം സംക്രമ നാളിൽ അടച്ച തിരുനട ചിങ്ങ സംക്രമ നാളിൽ തുറന്നു. നിത്യ നൈമിത്തിക ചടങ്ങുമായി ബന്ധപ്പെട്ട തിരുവായുധങ്ങൾ അടക്കം ഭണ്ഡാരവീട്ടിൽ ശ്രീകോവിലിലെയും പടിഞ്ഞാറ്റയിലെയും തിരുവായുധങ്ങളും ആഭരണങ്ങളും മറ്റും ശുദ്ധീകരിച്ച ശേഷം ഭണ്ഡാര വീട്ടിലും ക്ഷേത്രത്തിലും അടിച്ചുതളി ദീപാരാധന നടത്തി.  കെട്ടിച്ചുറ്റിയ തെയ്യങ്ങൾ ഭക്തർക്ക് ദർശനം നൽകി.[www.malabarflash.com]

തുടർന്ന് സംക്രമ അടിയന്തിരവും കഴിഞ്ഞാണ് നന്ദാർദീപത്തിന് തിരികൊളുത്തിയത്. ചിങ്ങമാസം മുഴുവൻ നന്ദാർദീപം കെടാവിളക്കായി ശ്രീകോവിലിൽ പ്രകാശം ചൊരിയും. 

ഒരു കാരണവശാലും ഈ ദീപം അണഞ്ഞു പോകാതിരിക്കാൻ പൂജാരിയും കാരണവന്മാരും ഭണ്ഡാരവീട്ടിൽ സദാസമയം ഉണ്ടാവും. ചിങ്ങത്തിലെ നന്ദാർദീപം ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ പരിചരിക്കുന്നുള്ളൂ. ചിങ്ങത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൂട്ടം അടിയന്തിരവും മറ്റുദിവസങ്ങളിൽ അടിച്ചുതളി ദീപാരാധനയും ഉണ്ടാകും. 

ശ്രീകൃഷ്ണ ജയന്തി, ഉത്രാടം, തിരുവോണം നാളുകളിൽ അന്നദാനം ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസാദം അന്നദാനമായി ഭക്തർക്ക് വിളമ്പുന്ന സവിശേഷ നേർച്ചയാണിത്. പതിവുപോലെ ചിങ്ങസംക്രമത്തിന് ശേഷം വരുന്ന ആദ്യ 'കൊടിആഴ്ചകളായ' 19ന് യു.എ. ഇ കമ്മിറ്റി വകയും 23ന് ഭഗവതി സേവ സീമെൻസ് അസോസിയേഷൻ വകയും കൂട്ടം അടിയന്തിരം ഉണ്ടാവും.

Post a Comment

Previous Post Next Post