NEWS UPDATE

6/recent/ticker-posts

കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം; അർഷാദിന് പിന്നാലെയുള്ള ഓട്ടം തെറ്റിയില്ല, പ്രതിയെ പിടിച്ചത് പോലീസിന് നേട്ടം

കൊച്ചി: പോലീസിന്‍റെ സമയോചിത ഇടപെടലിലാണ് ഇൻഫോപാർക്കിനടുത്തെ ഫ്ലാറ്റിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായത്. സജീവ് കൃഷ്ണയുടെ ഫോൺ ഉപയോഗിച്ച് അന്വേഷണത്തെ വഴി തെറ്റിക്കാൻ വരെ പ്രതി അർഷാദ് ശ്രമിച്ചെങ്കിലും പോലീസ് അതിൽ വീണില്ല.[www.malabarflash.com]

അർഷാദിന്‍റെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്തുകയായിരുന്നു. ഫ്ലാറ്റിനുള്ളിൽ നടത്തിയ ലഹരി കൈമാറ്റത്തിന്‍റെ ചുരുൾ അഴിക്കുകയെന്നതാണ് പോലീസിന് മുന്നിലെ അടുത്ത വെല്ലുവിളി.

ഒപ്പം താമസിച്ചവരാണ് സജീവ് കൃഷ്ണയെ കാണാതായതിൽ ആദ്യം സംശയം പ്രകടിപ്പിച്ചത്. പോലീസിനെ അറിയിച്ച് ഡ്യുപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ലാറ്റ് തുറന്നപ്പോൾ കണ്ടത് ഫ്ലാറ്റിനകത്ത് പലയിടത്തായി രക്തക്കറകൾ. ദുർഗന്ധത്തിന്‍റെ സൂചനയെ തുടർന്ന് ഫ്ലാറ്റിനോട് ചേർന്നുള്ള ഡക്ടിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഫ്ലാറ്റിൽ ഒപ്പം താമസിച്ചിരുന്ന അർഷാദിലേക്ക് സംശയം ആദ്യം തന്നെ ഉയർന്നു. ക്രൂരകൃത്യത്തിന് ശേഷം സജീവ് കൃഷ്ണയുടെ മൊബൈൽ ഫോണുമായി ഇവിടെ നിന്നും കടന്ന അർഷാദ്, തന്നെ ബന്ധപ്പെടാൻ ശ്രമിച്ച കൂട്ടുകാരെ സജീവ് ആണെന്ന വ്യാജേന തെറ്റിദ്ധരിപ്പിക്കാൻ നോക്കിയിരുന്നു. പല പ്രതികരണങ്ങളിലും സുഹൃത്തുക്കൾക്ക് സംശയം തോന്നിയതാണ് രണ്ട് ദിവസത്തിനുള്ളിലെങ്കിലും സംഭവം പുറം ലോകമറിയാൻ വഴിയൊരുക്കിയത്.

അർഷാദാണ് പ്രതിയെന്ന് ഏകദേശ സൂചനയിൽ ഇൻഫോപാർക്ക് സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഫ്ലാറ്റിന്‍റെ സമീപത്ത് സിസിടിവി ഇല്ലാതിരുന്നത് തിരിച്ചടിയായി. എങ്കിലും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണത്തിൽ ആദ്യ മണിക്കൂറിനുള്ളിൽ തന്നെ നിർണ്ണായക വിവരം കിട്ടി. മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ചാണ് അർഷാദ് കൈവശം വെച്ചിരുന്ന സജീവ് കൃഷ്ണയുടെ ഫോൺ ഏറ്റവും ഒടുവിൽ ആക്ടിവായി കണ്ടത്.

അർഷാദ് കോഴിക്കോട് പയ്യോളി സ്വദേശിയാണെന്ന പശ്ചാത്തലം കൂടി കണക്കിലെടുത്ത് വടക്കൻ കേരളത്തിലേക്കാണ് ഇയാൾ കടന്നതെന്ന ആദ്യഘട്ട വിലയിരുത്തൽ കൃത്യമായി. പ്രതിക്കായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പോലീസ് വല വിരിച്ചു. പയ്യോളിയിലും കോഴിക്കോടും തെരച്ചിൽ നടത്തി. കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിലെ പ്രതിയാണ് അർഷാദെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു.

പോലീസ് അന്വേഷണം തുടങ്ങിയെന്ന സൂചന വന്നതോടെ അർഷാദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി. എങ്കിലും ടവർ ലൊക്കേഷനുകൾ പോലീസ് വിടാതെ പിന്തുടർന്നു. ഒടുവിൽ കാസർകോട് ഭാഗത്തേക്ക് ദേശീയപാതയിലൂടെ പ്രതി സഞ്ചരിക്കുന്നുവെന്ന വിവരം പോലീസിന് കിട്ടി. തുടർന്ന് കാസർകോട് പോലീസിന് വിവരം കൈമാറി. മഞ്ചേശ്വരം സ്റ്റേഷനിൽ കാസർകോട് പോലീസെത്തി കാത്തിരുന്നു.

കർണാടകത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർഷാദിനെ പോലീസ് പിടികൂടിയത്. പൊലീസ് പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്ന് 1 കിലോ കഞ്ചാവും 5 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്തത്. അർഷാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച കോഴിക്കോട് സ്വദേശി അശ്വന്തിനെയും പിന്നാലെ പോലീസ് പിടികൂടി. കൊച്ചിയിലെ സുഹൃത്തിന്‍റെ ബൈക്കുമായി എത്തിയ അർഷാദിനൊപ്പം അശ്വന്ത് കോഴിക്കോട് നിന്നാണ് ചേർന്നത്.

കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്നാണ് പോലീസ് പരിശോധിക്കുന്നത്. ലഹരി വഴിയിലെ തർക്കങ്ങളാണ് കാരണമെന്ന വിവരവും പുറത്ത് വന്നു. അങ്ങനെ എങ്കിൽ ലഹരി സംഘങ്ങളുമായി ഫ്ലാറ്റിനുള്ളിൽ കഴിഞ്ഞവർക്കുള്ള ബന്ധമെന്താണെന്നും, എന്ന് മുതലാണെന്നും അടക്കം ചോദ്യങ്ങൾക്ക് പോലീസ് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. 

സജീവ് കൃഷ്ണയെ കായികമായി കീഴ്പ്പെടുത്തി ക്രൂരമായി ആക്രമിച്ച് മൃതദേഹം ഒളിപ്പിച്ചതിൽ മറ്റാരുടെ എങ്കിലും സഹായം അർഷാദിന് ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയെങ്കിലും പോലീസിന് മുന്നിലെ വെല്ലുവിളികൾ അവസാനിക്കുന്നില്ല. ലഹരിക്കടത്ത് സംഘങ്ങൾ ഇത്തരം ഫ്ലാറ്റുകൾ താവളമാക്കുമ്പോൾ ഇതിന് എങ്ങനെ പൂട്ടിടുമെന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട്.

Post a Comment

0 Comments