NEWS UPDATE

6/recent/ticker-posts

ഉറക്കത്തിൽ ഉടമയ്ക്ക് ഹൃദയാഘാതം; രക്ഷിച്ചത് വളർത്തുപൂച്ച

വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് പലരും കാണുന്നത്. തങ്ങളുടെ ഉടമസ്ഥരോടും അത്രത്തോളം സ്നേഹവും നന്ദിയും ഇത്തരം മൃഗങ്ങള്‍ കാണിക്കാറുമുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെ ഹൃദയാഘാതം സംഭവിച്ച ഉടമയെ രക്ഷിച്ചിരിക്കുകയാണ് ഒരു വളർത്തുപൂച്ച. ലണ്ടനിലാണ് സംഭവം നടന്നത്.[www.malabarflash.com]


നോട്ടിങ്ഹാംഷെയറിലെ സ്റ്റാപ്പിൾഫോർഡിൽ താമസിക്കുന്ന മെഡിക്കൽ റിസപ്ഷനിസ്റ്റായ സാം ഫെൽസ്റ്റഡിനെയാണ് ഏഴ് വയസ്സുള്ള ബില്ലി പൂച്ച ഉറക്കത്തിൽ നിന്നും രക്ഷിച്ചത്. തന്നെ പൂച്ച കൃത്യ സമയത്ത് ഉണർത്തിയില്ലായിരുന്നുവെങ്കിൽ താന്‍ ഉറക്കത്തിൽ ഹൃദയാഘാതം വന്നു മരണപ്പെട്ടേനെ എന്നാണ് 42-കാരിയായ സാം ഫെൽസ്റ്റഡ് പറയുന്നത്. 'എന്നും ഉറങ്ങാറുള്ളത് വളർത്തു പൂച്ചയ്‌ക്കൊപ്പമാണ്. 

ഹൃദയാഘാതമുണ്ടായ രാത്രിയിൽ പൂച്ച പതിവില്ലാതെ കാലുകൾ ഉപയോഗിച്ച് തന്‍റെ നെഞ്ചിൽ ശക്തമായി തട്ടിയുണർത്താൻ ശ്രമിച്ചു, മാത്രമല്ല ചെവിക്കരികിൽ നിന്ന് പൂച്ച കരയാനും തുടങ്ങി. പെട്ടെന്ന് ഉണർന്ന തനിക്ക് അനങ്ങുവാൻ പോലും കഴിഞ്ഞില്ല. ശരീരം മുഴുവൻ വിയർക്കാനും തുടങ്ങി'- സാം പറയുന്നു.

നെഞ്ചിന്റെ വലതു ഭാഗത്തായി കഠിനമായ വേദനയുമുണ്ടായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ അമ്മ ഉടൻ തന്നെ സാം ഫെൽസ്റ്റഡിനെ നോട്ടിങ്ഹാം സിറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉറക്കത്തില്‍ സാം ഫെൽസ്റ്റഡിന് ഹൃദയാഘാതമുണ്ടായതായി ഡോക്ടര്‍മാരാണ് സ്ഥിരീകരിച്ചത്. ആ സമയം ഉറക്കത്തിൽ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിൽ അത് മരണത്തിന് തന്നെ കാരണമാകുമായിരുന്നും എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

എന്തായാലും ഇതോടെ ഉടമയെ രക്ഷിച്ച ബില്ലി പൂച്ച താരമായിരിക്കുകയാണ്. ബില്ലി പൂച്ചയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്.

Post a Comment

0 Comments