NEWS UPDATE

6/recent/ticker-posts

ഋതുമതിയായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 18 വയസ്സായില്ലെങ്കിലും വിവാഹിതയാകാം: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഋതുമതിയായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 18 വയസ്സായില്ലെങ്കിലും വിവാഹിതയാകാമെന്ന് ഡല്‍ഹി ഹൈക്കോടതി. മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹം സാധുവാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹബന്ധം വേർപ്പെടുത്തുന്നതിൽ നിന്ന് സംരക്ഷണം തേടി ദമ്പതികൾ സമർപ്പിച്ച ഹരജിയിൽ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്മീത് സിങ്ങിന്റേതാണ് ഉത്തരവ്.[www.malabarflash.com]


ഋതുമതിയായ പെണ്‍കുട്ടിയുടെ വിവാഹത്തിന് രക്ഷാകര്‍ത്താക്കളുടെ അനുമതി ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇങ്ങനെ നടക്കുന്ന വിവാഹങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

വിവാഹശേഷം പെണ്‍കുട്ടിക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ അധികാരമുണ്ട്. വിവാഹശേഷം ഭര്‍ത്താവുമായി നടക്കുന്ന ലൈംഗിക ന്ധത്തിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. 18 വയസ്സിന് താഴെയുള്ള കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നില്ല എന്ന് ഉറപ്പാക്കുകയാണ് പോക്സോ നിയമത്തിന്റെ ലക്ഷ്യം. അല്ലാതെ ഇത് ആചാരപരമായ നിയമമല്ലെന്നും കോടതി വിശദമാക്കി.

പെൺകുട്ടി വിവാഹത്തിന് സമ്മതം മൂളുകയും സന്തോഷവാനായിരിക്കുകയും ചെയ്‌താൽ, അവളുടെ സ്വകാര്യ ഇടത്തിൽ പ്രവേശിച്ച് ദമ്പതികളെ വേർപെടുത്താൻ ഭരണകൂടം ആരുമല്ല. അങ്ങനെ ചെയ്യുന്നത് ഭരണകൂടം സ്വകാര്യ ഇടം കൈയേറുന്നതിന് തുല്യമായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.

മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് 15കാരിയായ പെണ്‍കുട്ടിയും 25 വയസ്സുകാരനായ യുവാവും തമ്മില്‍ വിവാഹിതരായ കേസിലാണ് കോടതിയുടെ നിരീക്ഷണം. ഓഗസ്റ്റ് 17നായിരുന്നു കോടതി കേസ് പരിഗണിച്ചത്. ഇതിന്റെ വിധിപകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നത്.

Post a Comment

0 Comments