NEWS UPDATE

6/recent/ticker-posts

പബ്ജിയുടെ ഇന്ത്യന്‍ പതിപ്പിനും വിലക്ക്; ഗെയിം നീക്കി പ്ലേസ്റ്റോറും ആപ്പ്‌സ്റ്റോറും

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായി പുറത്തിറക്കിയ ബാറ്റില്‍ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യ (BGMI) ഗെയിമിന് വ്യാഴാഴ്ച മുതല്‍ വിലക്ക്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഇപ്പോള്‍ ഗെയിം ലഭ്യമല്ല.[www.malabarflash.com]


സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഗൂഗിളിന്റെ പ്രതികരണം. ഉത്തരവ് കിട്ടിയതിന് ശേഷം നിലവിലുള്ള നടപടികളനുസരിച്ച് ഡവലപ്പറെ അറിയിക്കുകയും പ്ലേസ്റ്റോറില്‍ ലഭ്യമായിരുന്ന ആപ്പിലേക്കുള്ള പ്രവേശനം വിലക്കുകയും ചെയ്തുവെന്ന് ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഇതൊരു സ്ഥിരം വിലക്കാണോ അതോ ഗെയിം തിരികെ വരുമോ എന്ന് വ്യക്തമല്ല. സര്‍ക്കാരും ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

ആപ്പ് നീക്കം ചെയ്യപ്പെടാനുള്ള യഥാര്‍ത്ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇതുവരെയും BGMI ഗെയിമിനെതിരെ സര്‍ക്കാരോ മറ്റുള്ളവരോ ഗുരുതരമായ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. സര്‍ക്കാരിന്റെ എന്തെങ്കിലും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണോ നടപടിയെന്നും വ്യക്തമല്ല.

പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും BGMI അപ്രത്യക്ഷമായെങ്കിലും ഗെയിം നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് തുടര്‍ന്നും കളിക്കാവുന്നതാണ്. എന്നാല്‍ ആ ഗെയിമുകളില്‍ പുതിയ അപ്‌ഡേറ്റ് വന്നിരുന്നുവെന്നും വീണ്ടും ലോഗിന്‍ ചെയ്യേണ്ടി വന്നുവെന്നും ഉപഭോക്താക്കള്‍ പറയുന്നു.

2020 സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി മൊബൈല്‍ എന്ന ജനപ്രിയ ഗെയിം നിരോധിക്കുന്നത്. രാജ്യ സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചായിരുന്നു നടപടി. ദക്ഷിണ കൊറിയന്‍ നിര്‍മിതമായ ഗെയിം അന്ന് ഇന്ത്യയില്‍ വിതരണത്തിന് എത്തിച്ചിരുന്നത് ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഗെയിംസ് ആയിരുന്നു. നിരോധനത്തിന് ശേഷം പബ്ജിയുടെ യഥാര്‍ത്ഥ നിര്‍മാതാക്കളായ ക്രാഫ്റ്റണ്‍ തന്നെ ഗെയിം നേരിട്ട് ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. BGMI അവതരിപ്പിച്ചതിന് ശേഷമാണ് പബ്ജി ന്യൂസ്റ്റേറ്റ് മൊബൈല്‍ എന്ന പേരില്‍ സമാനമായ മറ്റൊരു ഗെയിം കൂടി ക്രാഫ്റ്റണ്‍ അവതരിപ്പിച്ചത്.

Post a Comment

0 Comments