Top News

കോഴിയിറച്ചി വന്‍വിലക്കുറവില്‍; തുലാസ് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിച്ച് തട്ടിപ്പ്, ചിക്കന്‍ സ്റ്റാള്‍ ഉടമ അറസ്റ്റില്‍

എടപ്പാള്‍: അഫ്‌സലിന്റെ കടയില്‍ കോഴിയിറച്ചിവില മറ്റു കടകളിലേതിനേക്കാള്‍ കുറവ്. ആളുകള്‍ മുഴുവന്‍ അവിടെനിന്ന് വാങ്ങാന്‍ തുടങ്ങി. മറ്റുകടകള്‍ പൂട്ടിപ്പോവുന്ന അവസ്ഥ. നിരന്തര അന്വേഷണത്തിനൊടുവില്‍ കാര്യം പിടികിട്ടി. ഇറച്ചി തുക്കത്തില്‍ കുറവാണ്. തുലാസിനെ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിച്ചാണ് ഈ തട്ടിപ്പ്. ഒട്ടുംതാമസിയാതെ വ്യാപാരിയെ നാട്ടുകാരും കച്ചവടക്കാരും പോലീസും ചേര്‍ന്ന് കുരുക്കി.[www.malabarflash.com]


എടപ്പാള്‍ വട്ടംകുളം സ്വദേശിയും ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എം.എസ്. ചിക്കന്‍ സ്റ്റാള്‍ ഉടമയുമായ അഫ്സലിനെ (31)യാണ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവും അറസ്റ്റുചെയ്തത്. തൂക്കത്തില്‍ കൃത്രിമം കാണിക്കാനുപയോഗിച്ച റിമോട്ട് കണ്‍ട്രോളും ഇലക്ട്രോണിക് തുലാസുമടക്കം കടക്കാരനെ അറസ്റ്റുചെയ്തു. കടപൂട്ടിക്കുകയും ചെയ്തു.

പെരുന്നാള്‍ കാലത്തടക്കം മറ്റുകടകളില്‍നിന്ന് വ്യത്യസ്തമായി കോഴിയിറച്ചി കിലോയ്ക്ക് പത്തും ഇരുപതും രൂപ വിലക്കുറവെന്ന് ബോര്‍ഡെഴുതി വെച്ചായിരുന്നു തട്ടിപ്പ്. വിലക്കുറവിന്റെ ആകര്‍ഷണത്തില്‍പ്പെട്ട് ഇവിടേക്ക് വലിയ തോതില്‍ ആളുകളെത്തിത്തുടങ്ങിയതോടെ മറ്റു കടക്കാരെല്ലാം നഷ്ടത്തിലായി. ഇവരാണ് കള്ളത്തരം കൈയോടെ പിടികൂടിയത്.

തുലാസില്‍ കോഴിയിറച്ചി വെക്കുമ്പോള്‍ ഒരുകിലോ ആകുംമുന്‍പുതന്നെ സ്‌ക്രീനില്‍ ഒരു കിലോയെന്നു തെളിയും. റിമോട്ട് ഉപയോഗിച്ച് തുലാസ് നിയന്ത്രിച്ചാണ് ഇത് ചെയ്യുന്നത്. ഇതിനുപിന്നിലെ സാങ്കേതിക കാര്യങ്ങളും മറ്റേതെങ്കിലും കടകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നതുമൊക്കെ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. 

തുലാസ് സീല്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. വഞ്ചന, അളവുതൂക്കവെട്ടിപ്പ് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി. എസ്.ഐ.മാരായ വിജയന്‍, രാജേന്ദ്രന്‍, ഖാലിദ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

Post a Comment

Previous Post Next Post