Top News

ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റണം: കേരള മുസ്‌ലിം ജമാഅത് കളക്ടറേറ്റ് മാര്‍ച്ച് ശനിയാഴ്ച്ച

കാസര്‍കോട് : സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനം ഇടിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാന്‍ അധികാര സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്ത ശ്രീരാംവെങ്കിട്ടരാമന്‍ ഐ എ എസിനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 30 ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും.[www.malabarflash.com]

രാവിലെ 10 ന് വിദ്യാനഗര്‍ ഗവമെന്റ് കോളേജ് പരിസത്തു നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ കേരള മുസ്ലിം ജമാഅത് എസ് വൈ എസ് , എസ് എസ് എഫ് നേതാക്കളും പ്രവര്‍ത്തകരും അണി നിരക്കും. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണസിരാ കേന്ദ്രങ്ങളിലേക്കും സെക്രെട്ടറിയറ്റിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുന്നത് .

കെ എം ബഷീറിന്റേത് സാധാരണ വാഹനാപകടമായി ലഘൂകരിക്കുന്ന നടപടി ശരിയല്ല. പ്രതി സ്ഥാനത്തുള്ളത് ഒരു ഐ എ എസ് ഉദ്യോഗസ്ഥനാണ്. അപകടം നടന്ന ഉടനെ ഔദ്യോഗിക പിന്‍ബലം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. അര്‍ദ്ധ രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് മറ്റൊരാളുടെ ഭാര്യയുമായി അമിത വേഗത്തില്‍ വണ്ടി ഓടിച്ചാണ് അപകടം വരുത്തിയത്. 

ഈ കേസില്‍ വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളതും ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ളതുമായ ഒരു തസ്തികയില്‍ കളങ്കിത വ്യക്തിയെ നിയമിക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ്. ഔദ്യോഗിക നടപടി ക്രമത്തിന്റെ ഭാഗമായാണ് കലക്ടറാക്കിയത് എന്ന ന്യായം അംഗീകരിക്കാന്‍ കഴിയില്ല. കേസില്‍ വിധി വരുന്നത് വരെ കാത്തിരിക്കാനും മറ്റു തസ്തികയില്‍ നിയമിക്കാനും സര്‍ക്കാരിന് സാധിക്കുമെന്നിരിക്കെ തിരക്കിട്ടുള്ള ഈ നിയമനം ദുരൂഹമാണ്.

എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫര്‍ സാദിഖ് ഉദ്ഘാടനം ചെയ്യും. സുന്നി സംഘടനകളുടെ ജില്ലാ നേതാക്കള്‍ റാലിയെ അഭിസംബോധനം ചെയ്യും. മാര്‍ച്ചില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍ ഗവര്‍മെന്റ് കോളേജിന് സമീപം ആളെയിറക്കി നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. അനുവദിക്കപ്പെട്ട മുദ്രാ വാക്യങ്ങളും പ്ലക്കാര്‍ഡും മാത്രമേ ഉപയോഗിക്കാവുവെന്ന് നേതാക്കളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, 
പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അഷ്റഫ് സഅദി ആരിക്കാടി, അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പൂത്തപ്പലം, 
സി എല്‍ ഹമീദ് ഹാജി ചെമ്മനാട് എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post