NEWS UPDATE

6/recent/ticker-posts

ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി

ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കി രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്തതില്‍ 64.03 ശതമാനം വോട്ടുകള്‍ ദ്രൗപദിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.[www.malabarflash.com]


4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. എന്നാല്‍ ദ്രൗപദിക്ക് 6,76,803 വോട്ടുമൂല്യം നേടാനായി. 2,824 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചതെന്ന് വോട്ടെണ്ണലിന് ശേഷം രാജ്യസഭാ സെക്രട്ടറി അറിയിച്ചു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1,877 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങിയവര്‍ ദ്രൗപദിയെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തിയാണ് അഭിനന്ദനം അറിയിച്ചത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും മോദിക്കൊപ്പമുണ്ടായിരുന്നു.

ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്‌രംഗ്പുരിയില്‍നിന്നുള്ള സന്താള്‍ ഗോത്രവംശജയായ ദ്രൗപദിയുടെ വിജയം ഇന്ത്യയ്ക്ക് ചരിത്രനിമിഷം കൂടിയാണ്. രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ് അവര്‍. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപദിക്ക് മറ്റ് ചില പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചിരുന്നു.

എം.പിമാരും എം.എല്‍.എമാരും അടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണലിന്റെ ഘട്ടങ്ങളിലെല്ലാം ദ്രൗപദിക്ക് തന്നെയായിരുന്നു ആധിപത്യം. എം.പിമാര്‍ പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിലും നിയമസഭാംഗങ്ങള്‍ പിങ്ക് നിറത്തിലുള്ള ബാലറ്റ് പേപ്പറിലുമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. നിലവിലെ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും.

Post a Comment

0 Comments