Top News

കര്‍ണാടകയിലെ കൊല; മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി ഫാസിലിന്റെയും മസൂദിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും

മംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസ് കൊലപ്പെടുത്തിയ മുസ്‌ലിം യുവാക്കളുടെ കുടുംബങ്ങള്‍ക്ക് മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കും.[www.malabarflash.com]

മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അല്‍ഹാജ് കെ മുഹമ്മദ് മസൂദിന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ആര്‍എസ്എസ് കൊലപ്പെടുത്തിയ ബെല്ലാരിയിലെ മുഹമ്മദ് മസൂദ്, മംഗല്‍പേട്ടിലെ മുഹമ്മദ് ഫാസില്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ചത്. 

കൂടാതെ, ഇവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പൊതു ജനങ്ങളെ സമീപിക്കാനും യോഗം തീരുമാനിച്ചു. അതേസമയം, ജില്ലയില്‍ നേരത്തെ നടന്ന കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ജില്ലാ ഭരണകൂടം ജില്ലാ കളക്ടറുടെ ഓഫിസില്‍ വിളിച്ച സമാധാന യോഗം മുസ്‌ലിം സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു.

ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ മുസ്‌ലിം യുവാക്കളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കുകയും അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ മനുഷ്യത്വരഹിതമായ നിലപാടില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി. 

ജില്ലയിലെ എല്ലാ പൗരന്മാരും സമാധാനം കാത്തുസൂക്ഷിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. യോഗത്തില് സംസ്ഥാന നിയമസഭാ പ്രതിപക്ഷ ഉപനേതാവ് യു ടി ഖാദര്‍, മുന്‍ എംഎല്‍എ മൊയ്തീന് ബാവ, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹാജി ഇബ്രാഹിം കൊടിജാല്, ഹാജി ബി എം മുംതാസ് അലി, കെ അഷ്‌റഫ്, ഹനീഫ് ഹാജി ബണ്ടാര്‍, സയ്യിദ് അഹമ്മദ് ബാഷ തണല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post