Top News

പാതിരാത്രി വീടാക്രമിച്ച് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍

വര്‍ക്കല: പാതിരാത്രിയിൽ വീട് ആക്രമിച്ച് പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയ സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ. വര്‍ക്കല നടയറ കുന്നില്‍ വീട്ടില്‍ നിന്നും ആറ്റിങ്ങല്‍ എല്‍.എം.എസ്. ജങ്ഷൻ ചിത്തിര നിവാസില്‍ വാടകക്ക് താമസിക്കുന്ന റമീസ്(24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മന്‍സിലില്‍ മുനീര്‍(24), നടയറ ബംഗ്ലാവില്‍ നസീര്‍ മന്‍സിലില്‍ അമീര്‍ഖാന്‍(24),കൊട്ടിയം പേരയം വയലില്‍ പുത്തന്‍വീട്ടില്‍ നിന്നും നടയറ കുന്നില്‍ വീട്ടില്‍ താമസിക്കുന്ന അഷീബ്(31),ചിറയിൻകീഴ് പുതുക്കരി സ്വദേശി അജയകുമാർ(24) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]


കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെ അയിരൂരിലാണ് സംഭവം നടന്നത്.പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ടാണ് റമീസിന്റെ നേതൃത്വത്തിലെത്തിയ എട്ടംഗസംഘം വീടാക്രമിച്ചത്. വീടിന്റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട സംഘം വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും മുറികളുടെ ജനല്‍പാളികളുടെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു. 

ബഹളംകേട്ടെത്തിയ നാട്ടുകാരെയും സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയ സംഘം വീട്ടുകാരെ മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടു പോകുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അയിരൂർ പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമികൾ പെണ്‍കുട്ടിയുമായി കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടിയും സംഘത്തിലുൾപ്പെട്ട റമീസും പ്രണയത്തിലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പോലീസിന് ലഭിച്ച വിവരം. 

തുടർന്ന് റമീസിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.റമീസിനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അറസ്റ്റിലായ അഞ്ചു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post