NEWS UPDATE

6/recent/ticker-posts

പി.സി. ജോർജിന് രക്തസമ്മർദത്തിൽ വ്യത്യാസം, വൈദ്യ പരിശോധന നടത്തി; തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

കൊച്ചി: മതവിദ്വേഷ  പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ പി.സി ജോർജിന്റെ രക്തസമ്മർദത്തിൽ വ്യത്യാസം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടത്.[www.malabarflash.com]

ഒരു മണിക്കൂർ നിരീക്ഷണം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അത്രയും സമയം കാത്തിരുന്ന ശേഷം പോലീസ് സംഘം ജോർജിനെയും കൊണ്ട് തിരുവനന്തപുരത്തേക്ക് തിരിച്ചു. കൊച്ചിയിൽ നിന്നുള്ള പോലീസ് വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.

വെണ്ണല മതവിദ്വേഷ പ്രസംഗക്കേസിനു പിന്നാലെ തിരുവനന്തപുരം കേസിലും മുൻ എം.എൽ.എ പി.സി. ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വെണ്ണല കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചി പോലീസ് ജോർജിനെ വിഴിഞ്ഞം ഫോർട്ട് പോലീസിന് കൈമാറിയിരുന്നു. വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഈ കേസിൽ ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് മകൻ ഷോൺ ജോർജിനൊപ്പം പാലാരിവട്ടം സ്റ്റേഷനിൽ പി.സി. ജോർജ് ഹാജരായത്. പോലീസ് നോട്ടീസ് നൽകിയതിനെ തുടർന്നായിരുന്നു ഇത്. ഇവിടെ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

പാലാരിവട്ടത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പിന്നീട് എറണാകുളം എ.ആർ ക്യാമ്പിലേക്ക് മാറ്റി. വെണ്ണല കേസിൽ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കൊച്ചി പോലീസ് ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് നേരത്തെ കോടതി ജാമ്യം റദ്ദാക്കിയിരുന്നു.

പത്തു ദിവസത്തിനുള്ളിലാണ് പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തിയത്. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്. പാലാരിവട്ടം പ്രസംഗം അനന്തപുരി പ്രസംഗത്തിന്റെ തുടര്‍ച്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സമാനകുറ്റം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞത് കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ പത്ത് ദിവസത്തിനകം ജാമ്യ വ്യവസ്ഥ ലംഘിച്ചു.

കോടതി നല്‍കിയ ആനുകൂല്യം പ്രതി ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് തിരുവനന്തപുരം കേസിലും ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. ജോർജ് എത്തുമെന്നറിഞ്ഞ് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി പി.ഡി.പി പ്രവർത്തകരും ജോർജിനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകരും എത്തിയിരുന്നു.

കിഴക്കേക്കോട്ട വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ പി.സി ജോ‍ർജ് വ്യഴാഴ്ച  ഹൈകോടതിയെ സമീപിക്കും. ജാമ്യവ്യവസ്ഥകളുടെ ലംഘനം എന്ന പേരിൽ തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്‍റെ ജാമ്യം റദ്ദാക്കിയതെന്നാണ് ജോർജ് പറയുന്നത്.

Post a Comment

0 Comments