മുംബൈ: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി ദേശീയ വക്താവ് നുപൂർ ശർമ്മയ്ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. സംവാദത്തിനിടെയാണ് പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നുപൂർ ശർമ്മ പരാമർശം നടത്തിയത്.[www.malabarflash.com]
മതവികാരം വ്രണപ്പെടുത്തുക, ശത്രുത വളർത്തുക, പൊതുശല്യം ഉണ്ടാക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ടൈംസ് നൗവിൽ കഴിഞ്ഞ ദിവസം ഗ്യാൻവാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടു നടന്ന വാർത്താ സംവാദത്തിനിടെയായിരുന്നു നുപൂർ ശർമയുടെ വിവാദ പരാമർശം. സംവാദത്തിൽ പ്രവാചകനേയും പത്നിയെയും കുറിച്ച് നുപൂർ നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖാണ് പരാതി നൽകിയത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപൂർ ശർമയ്‌ക്കെതിരെ കേസെടുത്തത്. മുംബൈ പൈധോണി പോലീസാണ് നുപൂർ ശർമ്മക്കെതിരെ കേസെടുത്തിരിക്കുന്നത്.
Post a Comment