NEWS UPDATE

6/recent/ticker-posts

സുബൈറിനെ കൊന്നത് പിതാവിന്റെ കൺമുന്നിലിട്ട്; അക്രമികളെത്തിയ സഞ്ജിത്തിന്റെ പേരിലുള്ള കാർ കണ്ടെത്തി

പാലക്കാട്: എലപ്പുള്ളിയിൽ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ (47) വെട്ടിക്കൊന്നത് പിതാവ് അബൂബക്കറിന്റെ കൺമുന്നിലിട്ട്. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ പോകവെയാണ് രണ്ടു കാറുകളിൽ അക്രമിസംഘം സുബൈറിനെ പിന്തുടർന്നത്. സുബൈറിന്റെ ബൈക്കിൽ ഇടിച്ചുവീഴ്ത്തിയ ശേഷം രണ്ടാമത്തെ കാറിൽനിന്നിറങ്ങിയ സംഘമാണ് വെട്ടിയത്.[www.malabarflash.com]


ഇതിൽ ഒരുകാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ നവംബറിൽ ​കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലുള്ളതാണ് ഈ കാർ.

ആക്രമണത്തിനിടെ സുബൈറിന്റെ ഒപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കറിന് ബൈക്കിൽനിന്ന് വീണ് പരിക്കേറ്റു. കൺമുന്നിൽ മകൻ വെട്ടേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് ഇദ്ദേഹം. വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആർഎസ്എസാണ് കൃത്യത്തിന് പിന്നിലെന്ന് എസ്.ഡി.പി.ഐ, പോപുലർ ഫ്രണ്ട് നേതാക്കൾ ആരോപിച്ചു. രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്നും നേതാക്കൾ പറഞ്ഞു.

പോപുലർ ഫ്രണ്ട് പാറ ഏരിയ പ്രസിഡണ്ടാണ് സുബൈർ. കൃത്യമായ ഗുഢാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് ആര്‍എസ്എസ് കൊലപാതകം നടത്തിയതെന്നും സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'സംഘടനയുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം. പാലക്കാട് ജില്ലയില്‍ ഉള്‍പ്പടെ കേരളത്തിലുടനീളം അടുത്തിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതില്‍ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആര്‍എസ്എസ് നടത്തിയത്. ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലയില്‍ സുബൈറിനെ കൊലപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ രാമനവമി ആഘോഷങ്ങളുടെ മറവില്‍ കലാപം നടത്തിയ ആര്‍എസ്എസ് വിഷു ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലും പള്ളിയില്‍ നിന്നിറങ്ങുന്ന ആളുകളെ ആക്രമിച്ച് കലാപത്തിനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം' - സി പി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

തൃശൂരിൽനിന്നു വന്ന ആർ.എസ്.എസ് ക്രിമിനലുകളാണ് കൃത്യത്തിന് പിന്നിലെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫ് ആരോപിച്ചു. പൊലീസിന് ഇതുസംബന്ധിച്ച് വിവരം നൽകിയിരുന്നു എങ്കിലും ഗൗനിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. 'നേരത്തെ ആലപ്പുഴയിൽ ഷാനെ കൊലപ്പെടുത്തുന്നതിന് മുമ്പ് പോപുലർ ഫ്രണ്ട് ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് നിഷ്‌ക്രിയമായി'- റഊഫ് പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ ആർഎസ്എസ് നേതാവ് സഞ്ജിത് കൊല്ലപ്പെട്ട സ്ഥലമാണ് എലപ്പുള്ളി. ഇതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം നിലവിലെ സംഭവങ്ങൾക്ക് ഉണ്ടോ എന്നതിൽ വ്യക്തതയില്ല. സഞ്ജിത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചു പേരുൾപ്പെടെ പതിനൊന്നു പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.

Post a Comment

0 Comments