Top News

മരിച്ചെന്ന് കരുതി കർമ്മങ്ങൾ വരെ നടത്തി, 12 വർഷങ്ങൾക്കുശേഷം മകൻ തിരിച്ച് എത്തി

ബീഹാറിലെ ബക്‌സർ ജില്ലയിൽ നിന്നുള്ള ഛവി മുസാഹറിനെ 2009 മുതലാണ് കാണാതാകുന്നത്. അന്ന് അദ്ദേഹത്തിന് വെറും 23 വയസ്സായിരുന്നു. യുവാവിനെ കാണാതായതോടെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ, അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല.[www.malabarflash.com]

2007 -ൽ മുസാഹറിന്റെ വിവാഹം കഴിഞ്ഞിരുന്നു. ഭാര്യയായ അനിത 2009 -ൽ കുട്ടിയുമായി അവളുടെ അച്ഛന്റെ വീട്ടിലേക്ക് താമസം മാറി. ഇനി തന്റെ ഭർത്താവ് മടങ്ങിവരില്ലെന്ന വിശ്വാസത്തിൽ രണ്ടാമതൊരു വിവാഹം കഴിച്ചു.

വർഷങ്ങൾ കഴിഞ്ഞും തിരിച്ച് വരാതായപ്പോൾ യുവാവ് മരിച്ചുവെന്ന് ബന്ധുക്കളും തീർച്ചപ്പെടുത്തി. അവർ മുസാഹറിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി. അങ്ങനെ നാട്ടുകാരും വീട്ടുകാരും അദ്ദേഹത്തെ മറന്നു. എന്നാൽ, അപ്പോഴും അദ്ദേഹം തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരാളുണ്ടായിരുന്നു, അദ്ദേഹത്തിന്റെ അമ്മ ബിർത്തി ദേവി. തന്റെ കുട്ടി മരിച്ചിട്ടില്ലെന്നും, ഒരു സുപ്രഭാതത്തിൽ തന്റെ വീട്ടുപടിക്കൽ തന്നെ തേടിയെടുത്തുമെന്നും അവർ ഉറച്ചു വിശ്വസിച്ചു.

മകന് വേണ്ടിയുള്ള അമ്മയുടെ കാത്തിരിപ്പ് പതിമൂന്ന് വർഷങ്ങൾ നീണ്ടു. എന്നാൽ, ഖിലാഫത്പൂർ ഗ്രാമത്തിലെ എല്ലാവരേയും വിസ്മയിപ്പിച്ചു കൊണ്ട് കാണാതായ ആ മകൻ വർഷങ്ങൾക്ക് ശേഷം, ഇപ്പോൾ സ്വന്തം വീട്ടിൽ ജീവനോടെ തിരിച്ച് എത്തിയിരിക്കയാണ്. കണ്ണീരോടെ, ബിർത്തി അവരുടെ വീടിന്റെ മുന്നിൽ തന്റെ മകനെ സ്വീകരിക്കാൻ കാത്ത് നിന്നു. “ദൈവം എന്റെ പ്രാർത്ഥന കേട്ടു. ഒരുപാട് നാളുകൾക്ക് ശേഷം എനിക്ക് എന്റെ മകനെ തിരികെ കിട്ടി. കുടുംബത്തെ അനുഗ്രഹിച്ചതിന് സർവശക്തനോട് ഞാൻ നന്ദി പറയുന്നു” 55 -കാരിയായ അമ്മ പറഞ്ഞു.

ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം തന്റെ മകൻ തിരികെ എത്താൻ വ്രതം നോറ്റ് കാത്തിരിക്കയായിരുന്നു ആ അമ്മ. "ബന്ധുവീടുകളിൽ, റെയിൽവേ സ്റ്റേഷനുകളിൽ, ബസ് സ്റ്റാൻഡുകളിൽ, ആശുപത്രികളിൽ എല്ലായിടത്തും ഞങ്ങൾ അവനെ തിരഞ്ഞു. പക്ഷേ, അവനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല” മൂത്ത സഹോദരൻ രവി പറഞ്ഞു. 

2009 -നും 2022 -നും ഇടയിൽ മുസാഹറിന്റെ ജീവിതത്തിൽ തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ചത്. അദ്ദേഹത്തിന്റെ തിരോധാനത്തിനെ കുറിച്ച് കാര്യമായ വ്യക്തത ഇപ്പോഴും ഇല്ല. എങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഭാര്യയെ കാണാൻ അവളുടെ വീട്ടിലേയ്ക്ക് പോകാനുള്ള യാത്രയിൽ തെറ്റായ ട്രെയിനിൽ കയറിയ അദ്ദേഹം എങ്ങനെയോ പഞ്ചാബിൽ എത്തി. അവിടെ നിന്ന് അബദ്ധത്തിൽ അതിർത്തി കടന്ന് പാകിസ്ഥാനിൽ എത്തി. ആദ്യ വർഷങ്ങളിൽ കൂലിപ്പണിക്കാരനായി ജോലി ചെയ്തു. എന്നാൽ, ഒടുവിൽ ഇയാളെ പാക് പോലീസ് അറസ്റ്റ് ചെയ്തു, കറാച്ചി ജയിലിൽ അടച്ചു.

2021 ഡിസംബറിൽ, അദ്ദേഹം പാകിസ്ഥാനിലെ ജയിലിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വിവരം ലഭിച്ചു. ഇതിന് പിന്നാലെ ഇയാളെ തിരിച്ചറിയാൻ ആഭ്യന്തര മന്ത്രാലയം എസ്പി ഓഫീസിലേക്ക് വിലാസവും ഫോട്ടോയും അയച്ചു. ബന്ധുക്കൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. തുടർന്ന്, ആഭ്യന്തര മന്ത്രാലയവും, ജില്ലാ, പോലീസ് അഡ്മിനിസ്ട്രേഷനും ഇടപെട്ട് അദ്ദേഹത്തെ സുരക്ഷിതമായി തിരികെ നാട്ടിലേയ്ക്ക് കൊണ്ട് വന്നു. 

അങ്ങനെ 12 വർഷത്തിന് ശേഷം മൂസാഹർ വീട്ടിൽ തിരിച്ച് എത്തി. "ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്. സർവശക്തനായ ദൈവത്തോട് ഞാൻ നന്ദി പറയുന്നു" മകന്റെ അടുത്തിരുന്ന് ബിർത്തി ദേവി പറഞ്ഞു.

Post a Comment

Previous Post Next Post