Top News

മൂന്ന് മാസം മുമ്പ് വളര്‍ത്തുനായ മാന്തി; പേവിഷബാധയേറ്റ് രണ്ടാം ക്ലാസുകാരൻ മരിച്ചു

തൃശ്ശൂര്‍: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകന്‍ ആകര്‍ഷ് (ഏഴ്) ആണ് മരിച്ചത്.[www.malabarflash.com]


ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസ്വസ്ഥത കാണിച്ചപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. തിങ്കളാഴ്ച രാവിലെ മരിച്ചു.

മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്പ് യാതൊരു അസ്വസ്ഥതയും കുട്ടിക്കുണ്ടായിരുന്നില്ല.

വലപ്പാട് ജി.ഡി.എം.എല്‍.പി. സ്‌കൂളിലാണ് ആകര്‍ഷ് പഠിക്കുന്നത്. വാദ്യോപകരണങ്ങളിലും മറ്റ് കലായിനങ്ങളിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയാണ് ആകര്‍ഷ്. കോവിഡ് സമയത്ത് സ്‌കൂള്‍ അടഞ്ഞുകിടന്നപ്പോള്‍ ഓണ്‍ലൈന്‍ പ്രതിഭോത്സവങ്ങളില്‍ വാദ്യോപകരണങ്ങളില്‍ മികച്ച പ്രകടനമാണ് കുട്ടി കാഴ്ചവെച്ചത്. ചെണ്ടയിലും ഡ്രമ്മിലുമായിരുന്നു കൂടുതല്‍ താത്പര്യം. മാര്‍ച്ച് 31-ന് നടക്കുന്ന സ്‌കൂള്‍ വാര്‍ഷികത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 
ആകര്‍ഷിന്റെ മരണത്തെത്തുടര്‍ന്ന് സ്‌കൂള്‍ വാര്‍ഷികാഘോഷം റദ്ദാക്കി.

Post a Comment

Previous Post Next Post